കൊളംബൊ: ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെയെ സ്ഥാനത്തു നിന്ന് നീക്കാന്‍ പ്രസിഡന്റും സഹോദരനുമായ ഗോത്തബയ രാജപക്‌സെ സമ്മതിച്ചെന്ന് പ്രതിപക്ഷം.
പുതിയൊരു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ കക്ഷി മന്ത്രിസഭ ഉണ്ടാക്കാന്‍ പ്രസിഡന്റ് സമ്മതിച്ചു എന്നാണ് പ്രതിപക്ഷ നിരയിലെ മൈത്രിപാല സിരിസേന മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പ്രസിഡന്റിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പുതിയ പ്രധാനമന്ത്രി ആയി ആരെയെങ്കിലും നിര്‍ദേശിക്കാന്‍ ഉണ്ടെങ്കില്‍ എഴുതി നല്‍കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത് എന്നും പ്രധാനമന്ത്രിയെ നീക്കുമെന്ന് ഉറപ്പു നല്‍കിയിട്ടില്ലെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. മഹിന്ദ രാജപക്‌സെയും ഗോത്തബയ രാജപക്‌സെയും തമ്മില്‍ അഭിപ്രായ ഭിന്നത ഉളളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടും സഹോദരനായ മഹിന്ദ സ്ഥാനമൊഴിയാന്‍ തയാറായില്ലെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പാപ്പരായ ശ്രീലങ്ക വിദേശ വായ്പകള്‍ അടച്ചു വീട്ടുന്നത് പോലും തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്.ഈ വര്‍ഷം ഏഴ് ബില്യന്‍ ഡോളറാണ് ലങ്കയുടെ വിദേശ കടം. 2026ല്‍ ഇത് 25 ബില്യന്‍ ഡോളറായി ഉയരും. വിദേശ നാണയ വിനിയമത്തിലെ കുറവും ഇറക്കുമതി കുത്തനെ ഇടിഞ്ഞതും കാരണം ഭക്ഷ്യ സാധനങ്ങള്‍, ഇന്ധനം, പാചക വാതകം, അവശ്യ മരുന്നുകള്‍ എന്നിവക്കായി രാജ്യത്ത് ജനം മണിക്കൂറുകളോളം ക്യൂനില്‍ക്കുകയാണ്.