X

സാക്കറിന്‍ സോഡിയം ചേര്‍ത്ത ഐസ് കാന്‍ഡി; കമ്പനിക്ക് 25000 രൂപ പിഴയും മൂന്നുമാസം തടവും

സാക്കറിന്‍ സോഡിയം ചേര്‍ത്ത ഐസ് കാന്‍ഡി നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ‘അന്നു ഐസ്‌ക്രീം’ സ്ഥാപനത്തിന് മൂന്നുമാസം തടവും 25,000 രൂപ പിഴയും വിധിച്ചു. താമരശ്ശേരി ഒന്നാം ക്ലാസ് കോടതി-2 മജിസ്‌ട്രേറ്റ് ആര്‍ദ്ര നിധിനാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജിനത്ത് കുന്നത്ത് ഹാജരായി.

2016 മാര്‍ച്ച് മാസത്തില്‍ കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് അന്നു ഐസ്‌ക്രീം എന്ന സ്ഥാപനത്തില്‍ നിന്നും ഐസ് കാന്‍ഡി സാമ്പിള്‍ ശേഖരിച്ച് കോഴിക്കോട് മലാപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന അനലിറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചത്.

പരിശോധനാഫലത്തില്‍ സാക്കറിന്‍ സോഡിയം കണ്ടെത്തി. ഇത് മനുഷ്യജീവന് ഹാനീകരമായ ഘടകമാണെന്ന റിപ്പോര്‍ട്ട് ലഭിച്ചു. തുടര്‍ന്ന് നടപടികള്‍ പാലിച്ചുകൊണ്ട് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി രണ്ടില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

ഭക്ഷ്യസുരക്ഷ ഗുണ നിലവാരം ഫുഡ് അഡിറ്റീവ്‌സ് നിയന്ത്രണം 2011 പ്രകാരം ഐസ് കാന്‍ഡി, ഐസ് ക്രീം മുതലായവയില്‍ സാക്കറിന്‍ സോഡിയം പോലുളള കൃത്രിമ മധുരം ചേര്‍ക്കാന്‍ പാടില്ലെന്ന് അറിയിച്ചിരുന്നു. 2011 ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയന്ത്രണങ്ങള്‍ പ്രകാരം ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഫുഡ് അഡിറ്റീവ്‌സ്‌കള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്.

webdesk17: