X
    Categories: Culture

ഇക്കാര്‍ഡിക്ക് ഹാട്രിക്; മിലാന്‍ ഡര്‍ബിയില്‍ ഇന്ററിന് ജയം

മിലാന്‍: ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളിലെ മിലാന്‍ യുദ്ധത്തില്‍ ഇന്റര്‍ മിലാന്‍ എ.സി മിലാനെ 3-2 ന് മുട്ടുകുത്തിച്ചു. പ്രസിദ്ധമായ സാന്‍സിറോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനാ സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിയുടെ ഹാട്രിക്ക് ആണ് ഇന്ററിന് കരുത്തായത്.

രണ്ടു പ്രാവശ്യം പിന്നില്‍ നിന്ന ശേഷം സുസോ, ഹാന്റനോവിച്ച് (സെല്‍ഫ്) എന്നിവരുടെ ഗോളില്‍ മിലാന്‍ തിരിച്ചുവന്നെങ്കിലും 90-ാം മിനുട്ടില്‍ ഇക്കാര്‍ഡിയുടെ പെനാല്‍ട്ടി ഗോളിന് മറുപടി നല്‍കാന്‍ സ്വന്തം ഗ്രൗണ്ടില്‍ എവേ മത്സരം കളിച്ച എല്‍ റോസനേരിക്കായില്ല. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനെയും ലാസിയോയെയും പിന്തള്ളി ഇന്റര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

 

28-ാം മിനുട്ടില്‍ വലതുഭാഗത്തു നിന്ന് ആന്റോണിയോ കണ്‍ട്രേവ ബോക്‌സിലേക്ക് നല്‍കിയ പന്തില്‍ ഓടിക്കയറി അവസാന സ്പര്‍ശം നല്‍കിയാണ് ഇക്കാര്‍ഡി അക്കൗണ്ട് തുറന്നത്. 56-ാം മിനുട്ടില്‍ ഫാബിയോ ബൊറിനിയുടെ പാസ് സ്വീകരിച്ച് ബോക്‌സിനു പുറത്തുനിന്നുള്ള തന്ത്രപരമായ ഫിനിഷിലൂടെ സുസോ എ.സി മിലാനെ ഒപ്പമെത്തിച്ചു. 63-ാം മിനുട്ടില്‍ പെരിസിച്ചിന്റെ പാസില്‍ നിന്ന് ഇക്കാര്‍ഡി ലീഡുയര്‍ത്തിയെങ്കിലും 81-ാം മിനുട്ടില്‍ ഇന്റര്‍ കീപ്പര്‍ ഹാന്‍ഡനോവിച്ചിന്റെ അബദ്ധം എ.സി മിലാന് അനുഗ്രഹമായി. 90-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി പിഴവില്ലാതെ ലക്ഷ്യത്തിലെത്തിച്ച് അര്‍ജന്റീനാ താരം, അവസാന ചിരി ഇന്ററിന്റേതാക്കി.

സ്വന്തം ഗ്രൗണ്ടില്‍ കരുത്തരായ ലാസിയോയോട് തോല്‍വി വഴങ്ങിയതാണ് യുവന്റസിന് തിരിച്ചടിയായത്. 23-ാം മിനുട്ടില്‍ ഡഗ്ലസ് കോസ്റ്റയിലൂടെ മുന്നിലെത്തിയിരുന്നെങ്കിലും രണ്ടാം പകുതിയില്‍ സിറോ ഇമ്മൊബിലിയുടെ ഇരട്ട ഗോളുകള്‍ ലാസിയോക്ക് നിര്‍ണായക ജയം സമ്മാനിച്ചു. എ.എസ് റോമയെ അവരുടെ തട്ടകത്തില്‍ ഒരു ഗോളിന് വീഴ്ത്തി തുടര്‍ച്ചയായ എട്ടാം ജയത്തോടെ നാപോളി ലീഗിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലോറന്‍സോ ഇന്‍സിനെ ആണ് നിര്‍ണായക ഗോള്‍ നേടിയത്.

എട്ട് കളിയില്‍ നിന്ന് 24 പോയിന്റോടെ നാപോളിയാണ് സീരി എയില്‍ ഒന്നാം സ്ഥാനത്ത്. ഇന്റര്‍ (22), ലാസിയോ (19), യുവന്റസ് (19) ടീമുകളാണ് പിന്നാലെ. മിലാന്‍ (12) പത്താം സ്ഥാനത്താണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: