ലണ്ടന്‍: ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ടൂര്‍ണമെന്റിന് ഇന്നു തുടക്കം. കെന്നിങ്ടണ്‍ ഓവലില്‍ ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തോടെയാണ് ‘ചാമ്പ്യന്മാരുടെ ലോകകപ്പ്’ എന്ന വിശേഷണമുള്ള ടൂര്‍ണമെന്റിന് തുടക്കമാവുന്നത്. രണ്ടു ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് ടീമുകള്‍ ഗ്രൂപ്പ് എയിലും ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാകിസ്താന്‍ ടീമുകള്‍ ഗ്രൂപ്പ് ബിയിലും അണിനിരക്കുന്നു. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും.
ആതിഥേയരായ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കു പിന്നാലെയാണ് ചാമ്പ്യന്‍സ് ട്രോഫിക്കിറങ്ങുന്നത്. മൂന്നു മത്സര പരമ്പരയില്‍ 2-1 ന് ജയിച്ച ഇംഗ്ലീഷുകാരുടെ ബാറ്റിങ്, ബൗളിങ് ഡിപാര്‍ട്ട്‌മെന്റുകള്‍ സന്തുലിതമാണ്. ഇയോന്‍ മോര്‍ഗന്‍, ജോ റൂട്ട്, മുഈന്‍ അലി, ക്രിസ് വോക്‌സ് തുടങ്ങിയവരെല്ലാം ഫോം കണ്ടെത്തിയത് ഇംഗ്ലണ്ടിന് കരുത്തേകുന്നു. 2015 ലോകകപ്പില്‍ ബംഗ്ലാദേശിനോട് തോറ്റതിനു ശേഷം ഇംഗ്ലീഷ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമായിരുന്നു. ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ്, മുഈന്‍ അലി, ആദില്‍ റാഷിദ് തുടങ്ങി ഒരുപറ്റം ഓള്‍റൗണ്ടര്‍മാരാണ് അവരുടെ കരുത്ത്. പതിനൊന്നാം നമ്പറില്‍ വരെ അത്യാവശ്യം നന്നായി ബാറ്റ് ചെയ്യാന്‍ കഴിയുന്നവര്‍ ടീമിലുണ്ടെന്നത് ഇംഗ്ലണ്ടിനെ അപകടകാരികളാക്കുന്നു.
മറുവശത്ത്, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നാള്‍ക്കുനാള്‍ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുന്ന ടീമാണ് ബംഗ്ലാദേശ്. പതിറ്റാണ്ടുകള്‍ നീണ്ട ദുര്‍ബല പട്ടത്തിനു ശേഷം ഇപ്പോള്‍ ഏത് വന്‍നിരക്കാരെയും വീഴ്ത്താവുന്ന തരത്തിലേക്ക് അവര്‍ മെച്ചപ്പെട്ടിരിക്കുന്നു. ഈയിടെ അയര്‍ലാന്റില്‍ സമാപിച്ച ത്രിരാഷ്ട്ര ടൂര്‍ണമെന്റിനിടെ അവര്‍ ന്യൂസിലാന്റിനെ ആധികാരികമായി തോല്‍പ്പിച്ചു. മഷ്‌റഫെ മുര്‍ത്തസയുടെ ക്യാപ്ടന്‍സിയില്‍ ഇറങ്ങുന്ന ടീമില്‍ ഷാകിബ് അല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം, മഹ്്മൂദുല്ല തുടങ്ങിയ പരിചയ സമ്പന്നരുണ്ട്. വ്യക്തികളെ അമിതമായി ആശ്രയിക്കുന്ന ടീമല്ലാത്തതിനാല്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുക എന്നത് ആര്‍ക്കും എളുപ്പമല്ല. മുസ്തഫിസുര്‍ റഹീമം, മഹ്ദി ഹസന്‍, റൂബല്‍ ഹുസൈന്‍ തുടങ്ങിയവര്‍ ബൗളിങ് നിരയിലും ബംഗ്ലാദേശിന് കരുത്തുപകരുന്നു. ഇംഗ്ലണ്ടിലെ പിച്ചുകള്‍ ബാറ്റിങിനെ പിന്തുണക്കുന്നവയാണെന്നാണ് ഈയിടെ നടന്ന മത്സരങ്ങളില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. ഓവലില്‍ നടക്കുന്ന പകല്‍ മത്സരത്തില്‍ ടോസ് നേടുന്ന ടീം എതിരാളികളെ ബാറ്റിങിനയക്കാനാണ്‌സാധ്യത. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഓവലില്‍ ഏകദിനമൊന്നും നടന്നിട്ടില്ല എന്നതിനാല്‍ പിച്ചിന്റെ യഥാര്‍ത്ഥ സ്വഭാവം എന്തായിരിക്കുമെന്നറിയാന്‍ കളി തുടങ്ങേണ്ടി വരും.