X

ദക്ഷിണാഫ്രിക്ക ഇന്ന് തോല്‍ക്കരുത്


ലണ്ടന്‍:ദക്ഷിണാഫ്രിക്കക്ക് ഇന്ന് ജയിച്ചേ മതിയാവു…. ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ തകര്‍ന്ന ഫാഫ് ഡുപ്ലസിയുടെ സംഘമിന്ന് എതിരിടുന്നത് ബംഗ്ലാദേശിനെ. റൗണ്ട് റോബിന്‍ ലീഗില്‍ ഒമ്പത് മല്‍സരങ്ങളുണ്ടെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നാമത് മല്‍സരം ബുധനാഴ്ച്ച ഇന്ത്യയുമായാണ്. ഈ മല്‍സരത്തിന് മുമ്പ് ടീം അംഗങ്ങള്‍ക്ക് സ്വന്തം കരുത്തിലുള്ള വിശ്വാസം തിരിച്ചുപിടിക്കണമെങ്കില്‍ ഇന്ന് ജയിക്കണം. ബംഗ്ലാദേശ് അട്ടിമറിക്ക്് പ്രാപ്തരാണ്. സമീപകാല ക്രിക്കറ്റില്‍ അവരുടെ വലിയ നേട്ടം ഡൂബ്ലിനില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ വിജയമാണ്. വിന്‍ഡീസും അയര്‍ലാന്‍ഡും പങ്കെടുത്ത ആ ചാമ്പ്യന്‍ഷിപ്പിലെ നേട്ടം ചെറുതല്ല. രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യ കിരീടവുമായാണ് മഷ്‌റഫെ മൊര്‍ത്തസയുടെ സംഘം ലോകകപ്പിനെത്തിയിരിക്കുന്നത്. സന്നാഹ മല്‍സരത്തില്‍ ഇന്ത്യയോട് തകര്‍ന്നുവെങ്കിലും തമീം ഇഖ്ബാല്‍, മുഷ്ഫിറഖുര്‍ റഹീം തുടങ്ങി നല്ല ബാറ്റ്‌സ്മാന്മാര്‍ കടുവകളുടെ നിരയിലുണ്ട്. ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് വിനയായത് കൂട്ടുകെട്ടുകളുടെ അഭാവമായിരുന്നു. ഇംഗ്ലണ്ടുകാര്‍ ജാസോണ്‍ റോയ്, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്ക്‌സ്, നായകന്‍ ഇയാന്‍ മോര്‍ഗന്‍ എന്നിവരിലുടെ മികച്ച സ്‌ക്കോര്‍ സ്വന്തമാക്കിയപ്പോള്‍ ആഫ്രിക്കന്‍ നിരയില്‍ ആരും പൊരുതിയില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡികോക്ക് പൊരുതി നിന്നത് മാത്രമായിരുന്നു ആശ്വാസം. ഇംഗ്ലണ്ടിനെ നേരിട്ട അതേ സംഘത്തെ തന്നെയാണ് ഇന്ന് രംഗത്തിറക്കുക എന്ന് ഡുപ്ലസി വ്യക്തമാക്കിയിട്ടുണ്ട്. അതിനര്‍ത്ഥം ഹാഷിം അംല ഓപ്പണറായി കളിക്കുമെന്നതാണ്. ഇംഗ്ലണ്ടിനെതിരെ ജോഫ്രെ ആര്‍ച്ചറുടെ പന്ത് നെറ്റിയില്‍ തട്ടി ബാറ്റിംഗിനിടെ പവിലിയനിലേക്ക് മടങ്ങിയിരുന്നു അംല. മൂന്നാം നമ്പറില്‍ ഇന്ന് ഡുപ്ലസി വരാനാണ് സാധ്യത. സീനിയര്‍ ബാറ്റ്‌സ്മാന്മാരായ ജെ.പി ഡുമിനിയെ പോലുളളവരുടെ ബാറ്റില്‍ നിന്നും കാര്യമായ ഇന്നിംഗ്‌സാണ് ദക്ഷിണാഫ്രിക്ക പ്രതീക്ഷിക്കുന്നത്.
ലോകകപ്പിന് മുമ്പ് നാടകീയമായി വിരമിക്കല്‍ പ്രഖ്യാപിച്ച എബി ഡി വില്ലിയേഴ്‌സിന് പകരക്കാരനില്ലാത്ത അവസ്ഥയാണ്. അതേ സമയം ബൗളിംഗില്‍ ആശങ്കയില്ല. ഇംഗ്ലണ്ടിനെതിരെ ധാരാളം റണ്‍സ് വിട്ടുകൊടുത്തുവെങ്കിലും ലുങ്കി എങ്കിടി, കാഗിസോ റബാദ എന്നിവര്‍ മികവോടെ പന്തെറിഞ്ഞിരുന്നു. സ്പിന്നിനെ കളിക്കുന്നതില്‍ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍ മിടുക്കരായതിനാല്‍ ഇംറാന്‍ താഹിറിന് ഇന്ന് അവസരമുറപ്പില്ല. തമീം ഇഖ്ബാല്‍, മുഷ്ഫിഖുര്‍ റഹീം, മഹമൂദ്ദുല്ല, ഷാക്കിബ് അല്‍ ഹസന്‍ തുടങ്ങിയവരിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍. മല്‍സരം ഉച്ചത്തിരിഞ്ഞ് മൂന്ന് മുതല്‍.

web desk 1: