ലണ്ടന്‍: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ചിരവൈരികളായ പാകിസ്താനെ 95 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടു വെച്ച 170 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 38.1 ഓവറില്‍ 74 റണ്‍സിന് പുറത്തായി. ഇന്ത്യക്കു വേണ്ടി ഏകത ബിഷ്ത് അഞ്ചു വിക്കറ്റ് നേടിയപ്പോള്‍ മനീഷ് ജോഷി രണ്ടും ജൂലന്‍ ഗോസ്വാമി, ദീപ്തി ശര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. പാക് നിരയില്‍ നഹിത ഖാന്‍ (23), സന മിര്‍ (29) എന്നിവരൊഴികെ മറ്റാര്‍ക്കും രണ്ടക്കം കണ്ടെത്താനായില്ല. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 169 റണ്‍സാണ് നേടിയത്.
47 റണ്‍സെടുത്ത പൂനം റാവത്താണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ദീപ്തി ശര്‍മ (28), സുശമ വര്‍മ (33) എന്നിവരാണ് ഇന്ത്യക്കു വേണ്ടി ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചത്.
പാകിസ്താനു വേണ്ടി നഷാര സന്ധു നാലു വിക്കറ്റ് വീഴ്ത്തി. സാദിയ യൂസുഫ് രണ്ടും അസ്മാവിയ ഇഖ്ബാല്‍, ഡയാന ബെയ്ഗ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറ്റു മത്സരങ്ങളില്‍ ആതിഥേയരായ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് ശ്രീലങ്കയേയും ദക്ഷിണാഫ്രിക്ക പത്തു വിക്കറ്റിന് വിന്‍ഡീസിനേയും പരാജയപ്പെടുത്തി. ശ്രീലങ്ക നേടിയ എട്ടിന് 204 എന്ന സ്‌കോര്‍ ഇംഗ്ലണ്ട് 30.2 ഓവറിസ് മൂന്ന് വിക്കറ്റിന് മറികടന്നു. ദക്ഷിണാഫ്രിക്കക്കെതിരെ വിന്‍ഡീസ് 48 റണ്‍സിന് പുറത്തായി. ദക്ഷിണാഫ്രിക്ക 6.2 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യം കണ്ടു.