X

ഇന്ത്യയെ തോല്‍പിച്ച് ന്യൂസിലാന്റ് ലോകകപ്പ് ഫൈനലില്‍

മാഞ്ചസ്റ്റര്‍: ലോഡ്‌സിലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുണ്ടാകില്ല. ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യയുടെ അവസാന കൗണ്ട്ഡൗണില്‍ ന്യൂസിലന്റിനെതിരെ കാലിടറി. ന്യൂസിലാന്റ് സ്‌കോറായ 239നെതിരെ 18 റണ്‍സിന്റെ അകകലത്തില്‍ ഇന്ത്യ വീണു (221-10). 59 പന്തില്‍ 77 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 72 പന്തില്‍ 50 എടുത്ത ധോനിയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ കാര്യമായി ചെറുത്തു നിന്നത്. ഹര്‍ദിക് പാണ്ഡ്യയും റിഷഭ് പന്തും 32 റണ്‍സ് വീതം എടുത്തു.

മഴമൂലം റിസര്‍വ് ദിനത്തിലേക്കു നീണ്ട ലോകകപ്പ് സെമി പോരാട്ടത്തില്‍ ഇന്ത്യ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 240 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ആറ് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. രോഹിത് ശര്‍മ്മ, വിരാട് കോഹിലി, രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 239 റണ്‍സെടുത്തത്. ന്യൂസീലന്‍ഡ് ഇന്നിങ്‌സിലെ ശേഷിച്ച 23 പന്തില്‍ 28 റണ്‍സാണ് പിറന്നത്. റോസ് ടെയ്‌ലര്‍ (90 പന്തില്‍ 74), ടോം ലാഥം (11 പന്തില്‍ 10), മാറ്റ ഹെന്റി (രണ്ടു പന്തില്‍ ഒന്ന്) എന്നിവരാണ് ഇന്നു പുറത്തായത്. മിച്ചല്‍ സാന്റ്‌നര്‍ (ആറു പന്തില്‍ ഒന്‍പത്), ട്രെന്റ് ബോള്‍ട്ട് (മൂന്നു പന്തില്‍ മൂന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു.

ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (14 പന്തില്‍ ഒന്ന്), ഹെന്റി നിക്കോള്‍സ് (51 പന്തില്‍ 28), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ (95 പന്തില്‍ 67), ജിമ്മി നീഷം (18 പന്തില്‍ 12), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (10 പന്തില്‍ 16) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലന്‍ഡിന് ഇന്നലെ നഷ്ടമായത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 43 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചെഹല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി

web desk 1: