X

ഇന്ന് ഇന്ത്യ അഫ്ഗാന്‍ ഓപ്പണ്‍ ഗെയിം


സത്താംപ്ടണ്‍: ഇന്ത്യക്കിന്ന് പരീക്ഷണ ദിവസം. സെമി യാത്രയുടെ പാതി വഴിയില്‍ മാറ്റങ്ങളെക്കുറിച്ച്് ആലോചിക്കാനുള്ള സമയം. ലോകകപ്പില്‍ പ്രതിയോഗികളായി അഫ്ഗാന്‍ കളിക്കുമ്പോള്‍ ടെന്‍ഷന്‍ തെല്ലുമില്ല. ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍, രണ്ടാം മല്‍സരത്തില്‍ ഓസ്‌ട്രേലിയയുമായി കളിക്കുമ്പോള്‍, മൂന്നാം മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഒരുങ്ങുമ്പോള്‍, അവസാന മല്‍സരത്തില്‍ ബദ്ധവൈരികളായ പാക്കിസ്താനെതിരെ തയ്യാറെടുക്കുമ്പോള്‍ സമ്മര്‍ദ്ദം പലവിധമായിരുന്നു. കാരണം പ്രതിയോഗികളെല്ലാം ശക്തരായിരുന്നു. ഇന്ന് പക്ഷേ അഫ്ഗാന്‍ മുന്നില്‍ വരുമ്പോള്‍ സമ്മര്‍ദ്ദമില്ല. എല്ലാവര്‍ക്കും അവസരം നല്‍കാനുള്ള വേദി. ലോകകപ്പ് സംഘത്തില്‍ അംഗങ്ങളായ മുഹമ്മദ് ഷമി, ദിനേശ് കാര്‍ത്തിക്, രവീന്ദു ജഡേജ എന്നിവര്‍ ഇത് വരെ ഒരു മല്‍സരത്തിലും കളിച്ചിട്ടില്ല. ഇവര്‍ക്ക്് ഇന്ന് അവസരമുണ്ടാവും. ഭുവനേശ്വര്‍ കുമാറിന് പരുക്കേറ്റതിനാല്‍ ഷമി കളിക്കുന്ന കാര്യം ഉറപ്പാണ്. മധ്യനിരയില്‍ വിജയ് ശങ്കര്‍ കളിക്കാത്ത സാഹചര്യത്തില്‍ റിഷാഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരില്‍ ഒരാള്‍ ഇറങ്ങും. ഇന്ത്യയുടെ നാല് മല്‍സരങ്ങളിലും ടീമിലുണ്ടായിരുന്ന സ്പിന്‍ ജോഡികളായ യൂസവേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് സഖ്യത്തെ നിലനിര്‍ത്തുമ്പോള്‍ കേദാര്‍ ജാദവിന് പകരമായിരിക്കും ജഡേജ കളിക്കുക. നല്ല കാലാവസ്ഥയാണ് ഇന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ പരിശീലനത്തിന് ശേഷം സംസാരിക്കവെ ഏറ്റവും മികച്ച പ്രകടനമാണ് നായകന്‍ വിരാത് കോലി വാഗ്ദാനം ചെയ്തത്. വലിയ സ്‌ക്കോര്‍ നേടാന്‍ കഴിയുന്ന അവസരമാണ്. ലോകകപ്പില്‍ 500 പ്ലസ് സ്‌ക്കോറെല്ലാം ഇത്തവണ പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും ഇത് വരെ 400 ല്‍ എത്തിയിട്ടില്ല. അഫ്ഗാനെതിരെ ആദ്യം ബാറ്റ് ചെയ്യാന്‍ ഇന്ത്യക്ക്് അവസരം വരുന്നപക്ഷം വലിയ സ്‌ക്കോര്‍ സാധ്യമാണ്. വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ ഉജ്ജ്വല ഫോമിലാണ്. രണ്ട് സെഞ്ച്വറികള്‍ ഇപ്പോള്‍ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. കെ.എല്‍ രാഹുല്‍ തന്നെ അദ്ദേഹത്തിനൊപ്പം ഇന്നിംഗ്‌സിന് തുടക്കമിടും. കോലി മൂന്നാം നമ്പറില്‍ വരുമ്പോള്‍ നാലാമനായി റിഷാഭ് പന്തോ, കാര്‍ത്തികോ കളിക്കും. അഞ്ചില്‍ ഹാര്‍ദിക് പാണ്ഡ്യ,ആറില്‍ മഹേന്ദ്രസിംഗ് ധോണി എന്നിവര്‍ കളിക്കും. ഷമി ലോകകപ്പിനുള്ള ഒരുക്ക മല്‍സരങ്ങളില്‍ ഉജ്ജ്വല ഫോമിലായിരുന്നു. അദ്ദേഹത്തിന് ടീമിലെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണിത്. ജസ്പ്രീത് ബുംറ എല്ലാ മല്‍സരങ്ങളിലും കളിച്ചുവെങ്കിലും വിക്കറ്റ്് കൂടുതല്‍ നേടാനായിട്ടില്ല. പാക്കിസ്താനെതിരായ മല്‍സരത്തില്‍ നിലവാരം കുറയുകയും ചെയ്തു.
അഫ്ഗാന്‍ ക്യാമ്പില്‍ പ്രശ്‌നങ്ങള്‍ പലവിധമാണ്. ഹെഡ് കോച്ച് ഫില്‍ സിമണ്‍സും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള പിണക്കം ഒരു ഭാഗത്ത്. താരങ്ങള്‍ തമ്മിലുള്ള ഐക്യമില്ല. ടീം ഇത് വരെ കളിച്ച് എല്ലാ മല്‍സരങ്ങളിലും തോറ്റിരിക്കുന്നു. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്ത്. മല്‍സരം ഉച്ചത്തിരിഞ്ഞ് മൂന്ന് മുതല്‍.

web desk 1: