മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ബൗളര്‍മാര്‍ കിടിലന്‍ ഏറ് എറിഞ്ഞതോടെ ഇന്ത്യയുടെ 268 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന് വിന്‍ഡീസ് എത്തിയത് 143ല്‍. 34.2 ഓവറില്‍ വിന്‍ഡീസിന്റെ പത്തു വിക്കറ്റും വീഴ്ത്തി ബൗളര്‍മാര്‍ വിജയം ഇന്ത്യയുടെ കൈകളില്‍ ഭദ്രമാക്കി. മുഹമ്മദ് ഷമി നാലും ബുംറയും യുസ്വേന്ദ്ര ചാഹലും രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി. പാണ്ഡ്യയും കുല്‍ദീപും ഓരോ വിക്കറ്റുകളും നേടി.
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ വിക്കറ്റ് കീപ്പര്‍ എം.എസ് ധോനിയുടെയും ക്യാപ്റ്റന്‍ വിരാത് കോലിയുടെയും അര്‍ധ സെഞ്ച്വറി ബലത്തില്‍ 268 റണ്‍സ് നേടി. 82 പന്തില്‍ 72 റണ്‍സുമായി കോലിയും 61 പന്തില്‍ 56 റണ്‍സെടുത്ത് പുറത്താകാതെ ധോനിയും ഇന്ത്യന്‍ നിരയില്‍ മികച്ചു നിന്നു. 38 പന്തില്‍ 48 അടിച്ച ഹാര്‍ദിക് പാണ്ഡ്യയും 64 പന്തില്‍ 48 അടിച്ച കെ.എല്‍ രാഹുലും മോശമാക്കിയില്ല. ഫലത്തില്‍ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി 269 റണ്‍സിന്റെ വിജയലക്ഷ്യം വിന്‍ഡീസിനു മുന്നില്‍ ഇന്ത്യ വെച്ചു.
31 റണ്‍സ് നേടിയ ആമ്പ്രിസും 28 റണ്‍സ് നേടിയ നിക്കോളസ് പൂറനുമാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി കേമര്‍ റോച്ച് മൂന്നും ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍, ഷെല്‍ഡന്‍ കോട്രല്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.