ലണ്ടന്‍:ജയിച്ച ടീമില്‍ മാറ്റം വരുത്താന്‍ ഒരു ഇന്ത്യന്‍ നായകനും മുതിരില്ല. വിരാത് കോലിയും വിത്യസ്തനല്ല. ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ കളിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച അതേ സംഘം തന്നെയിറങ്ങും. ഓസ്‌ട്രേലിയക്കാരില്‍ അന്ധവിശ്വാസം കുറവാണ്-പക്ഷേ വിന്‍ഡീസിനെ പരാജയപ്പെടുത്തിയ സംഘത്തില്‍ അവരും കാര്യമായ മാറ്റത്തിന് മുതിരില്ല. ഇന്നത്തെ ഓവല്‍ പോരാട്ടത്തില്‍ പക്ഷേ ആകാശം വില്ലനാണ്. നല്ല മഴക്കാണ് സാധ്യത പറയുന്നത്. കനത്ത മഴയില്‍ വെള്ളിയാഴ്ച്ച കാര്‍ഡിഫില്‍ നടക്കേണ്ടിയിരുന്ന പാക്കിസ്താന്‍-ശ്രീലങ്ക മല്‍സരം മുടങ്ങിയിരുന്നു. ഇംഗ്ലീഷ് മഴക്ക്് പൊതുവേ ശക്തി കുറവായതിനാല്‍ മല്‍സരം ഓവറുകല്‍ വെട്ടിച്ചുരുക്കേണ്ടി വന്നാലും നടക്കാനാണ് സാധ്യത. ഇന്ത്യക്കിത് രണ്ടാം മല്‍സരമാണെങ്കില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക്് മൂന്നാമത് അങ്കമാണ്. രണ്ട് മല്‍സരങ്ങളിലും വിജയം നേടി അവര്‍ നാല് പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. ന്യൂസിലാന്‍ഡ് മാത്രമാണ് നാലില്‍ ഓസീസിനൊപ്പമുള്ളത്. വിന്‍ഡീസിനെതിരായ. മല്‍സരത്തിലെ ബാറ്റിംഗ് തകര്‍ച്ചയിലും വാലറ്റക്കാരുടെ മികവല്‍ ഓസീസ് വലിയ സ്‌ക്കോര്‍ സമ്പാദിച്ചിരുന്നു. എട്ടാം നമ്പറില്‍ കളിച്ച കോള്‍ട്ടര്‍ നിലെയായിരുന്നു 92 റണ്‍സുമായി കസറിയത്. ഇന്ത്യക്ക് ഓസീസ് വാലറ്റം മുന്നറിയിപ്പാണ്. നിലെക്് പുറമെ പാറ്റ് കമ്മിന്‍സും നന്നായി ബാറ്റ് ചെയ്യും. അതായത് ഒമ്പതാം നമ്പര്‍ വരെ നല്ല ബാറ്റിംഗ് ശക്തി ഓസീസിനുണ്ട്. ഓപ്പണര്‍മാരായ നായകന്‍ അരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് വിന്‍ഡീസിനെതിരെ മിന്നാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് കരുത്ത് കാട്ടിയിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്‍ ഉള്‍പ്പെടുന്ന മധ്യനിരയുടെ സംഭാവനയും മോശമായിരുന്നു. ഇന്ത്യക്കും സമാന പ്രശ്‌നങ്ങളുണ്ട്. ശിഖര്‍ ധവാന്‍, നായകന്‍ വിരാത് കോലി എന്നിവര്‍ ദക്ഷിണാഫ്രിക്കക്കെതിരായ മല്‍സരത്തില്‍ നിറം മങ്ങിയിരുന്നു. നാലാമനായ കെ.എല്‍ രാഹുലിന് നല്ല തുടക്കം കിട്ടിയെങ്കിലും കാഗിസോ റബാദയുടെ മികച്ച പന്തിലാണ് പുറത്തായത്. രോഹിത് ശര്‍മ സെഞ്ച്വറിയുമായി ടീമിനെ മുന്നോട്ട് നയിച്ച മല്‍സരത്തില്‍ മഹേന്ദ്രസിംഗ് ധോണിക്കും കരുത്ത് കാട്ടാനായിരുന്നു. ബൗളര്‍മാരില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്് അഞ്ച് വിന്‍ഡീസ് വിക്കറ്റുകള്‍ നേടി ലോകകപ്പില്‍ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറായി മാറിയിരുന്നു. പാറ്റ് കമ്മിന്‍സ്, ആദം സാപ്പ തുടങ്ങിയവരാണ് മറ്റ് പ്രധാന വെല്ലുവിളികള്‍. പക്ഷേ ജസ്പ്രീത് ബുംറ ഇന്ത്യന്‍ നിരയിലെ പ്രധാന മാറ്റമാണ്. സത്താംപ്ടണില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരെ അദ്ദേഹം വെള്ളം കുടിപ്പിച്ചിരുന്നു. മധ്യ ഓവറുകളില്‍ വരുന്ന സ്പിന്നര്‍മാരായ യൂസവേന്ദ്ര ചാഹലും കുല്‍ദീപും നന്നായി പന്തെറിയുന്നുണ്ട്.
ലോകകപ്പില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും അവസാനമായി കളിച്ചത് കഴിഞ്ഞ ലോകകപ്പ് സെമിയിലായിരുന്നു. അന്ന് ധോണിയുടെ ഇന്ത്യക്കായിരുന്നു പരാജയം. രണ്ട് ടീമുകളും ലോകകപ്പ് ഒരുക്കത്തില്‍ അഞ്ച് മല്‍സര പരമ്പര കളിച്ചപ്പോള്‍ ആദ്യ രണ്ടില്‍ ജയിച്ച ഇന്ത്യ അവസാന മൂന്നില്‍ തോറ്റിരുന്നു. അന്ന് ഓസീസ് സംഘത്തില്‍ വാര്‍ണറും സ്മിത്തുമുണ്ടായിരുന്നില്ല. ടോസ് നിര്‍ണായകമാണ് മല്‍സരത്തില്‍. മല്‍സരം മൂന്ന് മണി മുതല്‍.