ലണ്ടന്‍: റെക്കോര്‍ഡുകളില്‍ റെക്കോര്‍ഡിട്ട് മുന്നേറുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലും താരം പുതിയ റെക്കോര്‍ഡ് കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ 4000 റണ്‍സ് തികക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തം പേരില്‍ കുറിച്ചത്. സാക്ഷാല്‍ മഹേന്ദ്ര സിങ് ധോണിയെ പിന്തള്ളിയാണ് കോഹ്‌ലി പുതിയ റെക്കോര്‍ഡ് കുറിച്ചത്. 3454 റണ്‍സ് നേടിയ ധോണി രണ്ടാംസ്ഥാനത്ത് നില്‍ക്കുമ്പോള്‍ 3449 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌കറാണ് മൂന്നാം സ്ഥാനത്ത്.
ഇംഗ്ലണ്ടിനെതിരെ 1500 റണ്‍സ് ക്ലബ്ബിലെത്തുന്ന ആറാമത്തെ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തമാക്കി. 2535 റണ്‍സ് ഇംഗ്ലണ്ടിനെതിരെ അടിച്ചുകൂട്ടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമത്. സുനില്‍ ഗവാസ്‌കര്‍ (2483), രാഹുല്‍ ദ്രാവിഡ് (1950), ഗുണ്ടപ്പ വിശ്വാനന്ത് (1880), ദിലീപ് വെങ്‌സര്‍ക്കാര്‍ (1589) എന്നിവരാണ് പട്ടികയില്‍ കോഹ്‌ലിക്ക് മുന്നിലുള്ള മറ്റ് താരങ്ങള്‍.
വിദേശമണ്ണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡും കോഹ്‌ലിയുടെ പേരിലാണ്. വെറും 19 ടെസ്റ്റ് മത്സരങ്ങളില്‍നിന്നുമാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ ഗാംഗുലിയെയാണ് കോഹ്‌ലി മറികടന്നത്.