X

ടെസ്റ്റ് ഓള്‍റൗണ്ട് പട്ടികയിലും ജഡേജ ഒന്നാമത്

ന്യൂഡല്‍ഹി: ജെഡേജ ഒന്നാമന്‍. ഐ.സി.സി ടെസ്റ്റ് ഓള്‍റൗണ്ടര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ഒന്നാമതെത്തി. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് ജഡേജയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ബോളര്‍മാരുടെ പട്ടികയിലും ജഡേജയ്ക്കാണ് ഒന്നാം സ്ഥാനം. അതേസമയം ആര്‍. അശ്വിന്‍ രണ്ടാം സ്ഥാനത്തു നിന്ന് മൂന്നാമതായി. ജിമ്മി ആന്‍ഡേഴ്‌സണാണ് രണ്ടാമത്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും അശ്വിന്‍ മൂന്നാമതാണ്.

ചേതേശ്വര്‍ പൂജാര ബാറ്റ്‌സമാന്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ വിരാട് കോഹ്‌ലി അഞ്ചാമതും അജിങ്ക്യ രഹാനെ ആറാമതുമാണ്. അതേസമയം ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റും വിജയിച്ച് പരമ്പര തൂത്തുവാരാനൊരുങ്ങുന്ന ഇന്ത്യയ്ക്ക മികച്ച ഫോമിലുള്ള ജഡേജയുടെ സസ്‌പെന്‍ഷന്‍ വിനയാകും.

അതേ സമയം ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ നിന്ന് വിലക്കിയ ഐ.സി.സിക്ക് മറുപടിയുമായി ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ രംഗത്തെത്തി. പ്രത്യക്ഷമല്ലാത്ത രീതിയില്‍ ഐ.സി.സിയെ പരിഹസിച്ചാണ് ജഡേജ ട്വീറ്റ് ചെയ്തത്. ഞാന്‍ നല്ല കുട്ടിയാകാന്‍ തീരുമാനിച്ചപ്പോഴെക്കും ലോകത്തുള്ളവരെല്ലാം ചീത്തയായിപ്പോയി എന്നായിരുന്നു ജഡേജുയുടെ ട്വീറ്റ്. കഴിഞ്ഞ ഇരുപത്തിനാല് മാസത്തിനുള്ളില്‍ ആറ് ഡീമെറിറ്റ് പോയിന്റുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ജഡേജക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര കളിക്കാന്‍ വരുമ്പോള്‍ തന്നെ മൂന്ന് ഡി മെറിറ്റ് പോയിന്റുകളുണ്ടായിരുന്നു ജഡേജയ്ക്ക്. 2016 ഒക്ടോബറില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ പിച്ചില്‍ ഓടിയതിന് ലഭിച്ച പിഴയായിരുന്നു ഇത്.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ലങ്കന്‍ ബാറ്റ്‌സ്മാന്‍ കരുണരത്‌നെയ്‌ക്കെതിരെ അപകടകരമായ രീതിയില്‍ പന്തെറിഞ്ഞതിനാണ് മൂന്ന് പിഴപ്പോയിന്റുകള്‍ കൂടി ലഭിച്ചത്. കളിക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ 2.2.8 അനുച്ഛേദത്തിന്റെ ലംഘനമാണിതെന്ന് അമ്പയര്‍മാരായ റോഡ് ടക്കറും ബ്രൂസ് ഓക്‌സെന്‍ഫോര്‍ഡും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെ മൊത്തം ആറ് പിഴപ്പോയിന്റുകളായി. മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്‌സനാണ് ജഡേജക്കുള്ള ശിക്ഷ വിധിച്ചത്.

ജഡേജയുടെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റിലും ജയിച്ച് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര സ്വന്തമാക്കിയത്. ഗോളില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ആറും കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴും വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. ഒന്നാം ടെസ്റ്റില്‍ പതിനഞ്ചും രണ്ടാം ടെസ്റ്റില്‍ പുറത്താകാതെ എഴുപതും റണ്‍സും നേടിയിരുന്നു.

chandrika: