ഇസ്ലാമാബാദ്: ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടം പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളെ സമ്പന്നരാക്കുന്നു. അഭിനന്ദന പ്രവാഹത്തിനു പിന്നാലെ വിവിധ ഇടങ്ങളില്‍ നിന്നായി പണവും കളിക്കാരെ തേടിയെത്തുകയാണ്.
ടീമിലെ ഓരോ അംഗത്തിനും പ്രധാനമന്ത്രി നവാസ് ശരീഫ് ഒരു കോടി രൂപവീതം പ്രഖ്യാപിച്ചപ്പോള്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹര്യാര്‍ ഖാന്‍ ഓരോരുത്തര്‍ക്കും പത്ത് ലക്ഷം വീതവും നല്‍കുമെന്ന് വ്യക്തമാക്കി. ഇതിനു പുറമെ ബോണസ് ആ 2.9 കോടി രൂപ കരാര്‍ വ്യവസ്ഥ അനുസരിച്ച് കളിക്കാര്‍ക്കിടയില്‍ വീതിക്കും.
ഇന്ത്യക്കെതിരായ ഫൈനലില്‍ 180 റണ്‍സിനായിരുന്നു പാകിസ്താന്റെ ജയം. ഫഖാര്‍ സമാന്റെ സെഞ്ച്വറിയും മുഹമ്മദ് ആമിറിന്റെ മികച്ച ബൗളിങ് പ്രകടനവും ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കെതിരായ ആദ്യ ജയവും 2009-നു ശേഷമുള്ള ആദ്യ ഐ.സി.സി കിരീടവും പാകിസ്താന് നേടിക്കൊടുത്തു.