X
    Categories: MoreViews

കടുവകളെ മലര്‍ത്തി നീലപ്പട; ഇന്ത്യ-പാകിസ്താന്‍ ഫൈനല്‍ ഞായറാഴ്ച

ബിര്‍മിംഗ്ഹാം: 2007 ലെ വിന്‍ഡീസ് ലോകകപ്പ് ഓര്‍മ്മയുണ്ടോ…? രാഹുല്‍ ദ്രാവിഡ് നയിച്ച ഗ്രെഗ് ചാപ്പലിന്റെ ഇന്ത്യയെ ബംഗ്ലാദേശുകാര്‍ തകര്‍ത്തെറിഞ്ഞ ആ ദൃശ്യം…. ആ വിജയ ഓര്‍മ്മയിലാണ് ചില ബംഗ്ലാദേശികള്‍ ഇന്നലെ ഇവിടെയെത്തിയത്.. പക്ഷേ ആദ്യമായി ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി കളിക്കുന്ന ബംഗ്ലാദേശുകാര്‍ക്ക് ഇത് ആറാം തവണ ചാമ്പ്യന്‍ഷിപ്പിന്റെ സെമി കളിക്കുന്ന ഇന്ത്യയെ വിരട്ടാനോ, വിറപ്പിക്കാനോ കഴിഞ്ഞില്ല-അനുഭവസമ്പത്തിന്റെ ചാലകക്കരുത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് അനായാസം ജയിച്ചു. ഞായറാഴ്ച്ച പാക്കിസ്താനുമായി ഫൈനല്‍ കളിക്കുമ്പോള്‍ അതായിരിക്കാം ഒരു പക്ഷേ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന പോരാട്ടം.
രോഹിത് ശര്‍മ സെഞ്ച്വറിയിലേക്ക് പ്രവേശിച്ചത് നോക്കുക-തകര്‍പ്പന്‍ ബൗണ്ടറി ഷോട്ടില്‍. അത്ര കൂളായിരുന്നു ഇന്ത്യക്ക് കാര്യങ്ങള്‍. ബാറ്റിംഗിന് ആദ്യം അവസരം കിട്ടിപ്പോള്‍ അത്ര മെച്ചപ്പെട്ട സ്‌ക്കോറല്ല കടുവകള്‍ നേടിയത്-ഏഴ് വിക്കറ്റിന് 264 റണ്‍സ്. അമ്പത് ഓവര്‍ പോരാട്ടത്തില്‍ അല്‍പ്പം ജാഗ്രത പുലര്‍ത്തിയാല്‍ അനായാസം നേടാവുന്ന ലക്ഷ്യം. ഇന്ത്യന്‍ ബാറ്റിംഗില്‍ ശിഖര്‍ ധവാന്‍ മാത്രമാണ് അലസനായത്-ആ വിക്കറ്റ് മാത്രമായിരുന്നു കടുവകളുടെ നേട്ടവും. 34 പന്തില്‍ 46 റണ്‍സുമായി സുന്ദരമായി കളിക്കുകയായിരുന്ന ധവാന് ഒരു പന്തില്‍ മുന്നോട്ട് കയറണമെന്ന് തോന്നി. മഷ്‌റഫെ മൊര്‍ത്തസക്ക് അദ്ദേഹം വിക്കറ്റും നല്‍കി. തുടര്‍ന്ന് വന്ന നായകന്‍ വിരാത് കോലിയുടെ സൂക്ഷ്മതയായിരുന്നു വിജയത്തിന്റെ ക്ലാസ്.
വിന്‍ഡീസ് പര്യടനത്തിനുളള ഇന്ത്യന്‍ സംഘത്തില്‍ തനിക്ക് സ്ഥാനമില്ല എന്ന കാര്യം അറിഞ്ഞാണ് രോഹിത് ശര്‍മ ബാറ്റിംഗ് പാഡണിഞ്ഞത്. തുടക്കത്തിലെ ശകുനം മാറ്റാനായാല്‍ കൂളായി കളിക്കുന്ന മുംബൈ നായകന്‍ ഇന്നലെ തുടക്കത്തില്‍ ധവാന്റെ ഷോട്ടുകള്‍ക്ക് സാക്ഷിയായി പതുക്കെയാണ് തുടങ്ങിയത്. അവസരങ്ങള്‍ കൈവന്നപ്പോള്‍ ഫോമിലേക്കുര്‍ന്നു. പുറത്താവതെ 123 റണ്‍സ്. 129 പന്തില്‍ 15 ബൗണ്ടറികളും ഒരു സിക്‌സറും.
പിച്ചില്‍ നിന്നും എന്തെങ്കിലുമെല്ലാം ബംഗ്ലാ ബൗളര്‍മാര്‍ പ്രതീക്ഷിച്ചിരുന്നു. പ്രത്യേകിച്ച് ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍. പക്ഷേ പുതിയ പന്തെടുത്ത മൊര്‍ത്തസക്കും മുഷ്ഫിഖുര്‍ റഹ്മാനും കാര്യമായൊന്നും ചെയ്യാനായില്ല. പിന്നെയും അഞ്ച് ബൗളര്‍മാരെ അവര്‍ പരീക്ഷിച്ചു. അവരും ഇന്ത്യന്‍ ബാറ്റിംഗ് കരുത്തിന് മുന്നില്‍ തല താഴ്ത്തി.
ഗ്യാലറിയിലെ ആരാധകരെ മുഷിപ്പിക്കാതെയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ കളിച്ചത്. രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സില്‍ അമിതാക്രമണ വീര്യമുണ്ടായിരുന്നില്ല. പക്ഷേ മോശം പന്തുകളെ അദ്ദേഹം എളുപ്പത്തില്‍ അതിര്‍ത്തി കടത്തി. ഇതേ ശൈലി തന്നെയായിരുന്നു നായകന്റേതും. എളുപ്പത്തില്‍ ജയിക്കാവുന്ന മല്‍സരമായതിനാല്‍ സാഹസത്തിന് മുതിരാതെയുള്ള ഗെയിം. 96 പന്തില്‍ പുറത്താവാതെ 96 റണ്‍സ്.
ബംഗ്ലാ ബാറ്റിംഗ് നിര മോശമായിരുന്നില്ല. ചാമ്പ്യന്‍ഷിപ്പിലുടനീളം തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന തമീം ഇഖ്ബാല്‍ ഇന്ത്യന്‍ ബൗളര്‍മാരെ ഭയമില്ലാതെ നേരിട്ട് 70 റണ്‍സ് നേടിയിരുന്നു. 82 പന്തുകളിലെ ഈ നേട്ടത്തില്‍ ഏഴ് ബൗണ്ടറികളും ഒരു സിക്‌സറമുണ്ടായിരുന്നു. പക്ഷേ സൗമ്യ സര്‍ക്കാര്‍ ഭുവനേശ്വറിന്റെ പന്തില്‍ പൂജ്യനായി തുടക്കത്തിലേ പുറത്തായിരുന്നു. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ അവരുടെ സ്‌ക്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ മാത്രം. സബീര്‍ റഹ്മാന്റെ രൂപത്തില്‍ രണ്ടാം വിക്കറ്റ് വീഴുമ്പോള്‍ 31 റണ്‍സ്.
ഇവിടെ നിന്നും തമീമും വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീമും ഒരുമിച്ചപ്പോഴാണ് ബംഗ്ലാ ആരാധകര്‍ തല ഉയര്‍ത്തിയത്. ഈ കൂട്ടുകെട്ട് കേദാര്‍ യാദവ് തകര്‍ത്തപ്പോള്‍ വീണ്ടും പ്രശ്‌നങ്ങളായി. നായകന്‍ മൊര്‍ത്തസ അവസാനത്തില്‍ വന്ന് അഞ്ച് ബൗണ്ടറികള്‍ പായിച്ചത് മാത്രമാണ് ഇന്ത്യന്‍ ക്യാമ്പില്‍ അലട്ടല്‍ ഉണ്ടാക്കിയത്. ഭുവനേശ്വര്‍ 53 റണ്‍സിന് രണ്ട് പേരെ പുറത്താക്കിയപ്പോള്‍ ബുംറ 39 റണ്‍സിന് രണ്ട് വിക്കറ്റ് നേടി. കേദാര്‍ യാദവ് ആറ് ഓവറില്‍ 22 റണ്‍സ് മാത്രം നല്‍കി നേടിയ രണ്ട് വിക്കറ്റുകളായിരുന്നു കളിയില്‍ നിര്‍ണായകം.

chandrika: