ലണ്ടന്‍: റഷ്യന്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കടുത്ത തീരുമാനങ്ങളുമായി അര്‍ജന്റീന ദേശീയ ടീം പരിശീലകന്‍ ജോര്‍ജ് സാംപോളി. ഇതുവരെ രാജ്യത്തിനായി വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാനാകാവാത്ത സൂപ്പര്‍താരങ്ങള്‍ക്ക് തന്റെ ടീമിലുണ്ടാവില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിപ്പ് നല്‍കി. ഇതിന്റെ ഭാഗമെന്നോളം പൗളോ ഡിബാലയും മൗറോ ഇക്കാര്‍ഡിയേയും ലോകകപ്പിനുമുന്നോടിയായിയുള്ള ഇറ്റലിക്കെതിരായ സൗഹൃദ മത്സരങ്ങളില്‍ നിന്നും ഇരുവരേയും ഒഴിവാക്കി. ഇവര്‍ക്കു പകരമായി ബോക്ക ജൂനിയേഴ്‌സ് താരമായ ക്രിസ്റ്റ്യന്‍ പാവോണ്‍, റേസിങ് ക്ലബ് താരമായ ലൗറ്റാറ മാര്‍ട്ടിനെസിനെയുമാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.
നായകന്‍ മെസ്സിയുടെ പിന്‍മുറക്കാരാനായാണ് ഡിബാലയെ വിശേഷിപ്പിക്കുന്നത്. ഇറ്റാലിയന്‍ കരുത്തരായ യുവന്റസ് ടീമിന്റെ മധ്യനിരയിലെ കുന്തമുനയാണ് ഡിബാല. ക്ലബ് തലത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും രാജ്യത്തിനായി വേണ്ടത്രമികവ് പുറത്തെടുക്കാന്‍ താരത്തിന് ഇതുവരെയായിട്ടില്ല. മറ്റൊരു ഇറ്റാലിന്‍ ടീമായ ഇറ്റര്‍മിലാന്റെ നായകനാണ് മൗറോ ഇക്കാര്‍ഡി.നടപ്പു സീസണില്‍ ലീഗില്‍ 24 മത്സരങ്ങള്‍ 22 ഗോളുകളാണ് ഇക്കാര്‍ഡി അടിച്ചു കൂടിയത്. ക്ലബ് തലത്തില്‍ മിന്നും ഫോം തുടരുന്ന ഇരുവരേയും തഴഞ്ഞ പരിശീലകന്റെ നടപടി ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
അര്‍ജന്റീന ടീമിന്റെ ഇപ്പോഴത്തെ കേളി ശൈലിക്ക് ചേര്‍ന്ന താരമല്ല ഡിബാലയെന്നും, അവസരം നല്‍കിയിട്ടും ഈ ശൈലിയുമായി താരത്തിന് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെന്നും സാംപോളി ലണ്ടനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്റര്‍ മിലാനായി ഗോളുകള്‍ അടിച്ച് കൂട്ടുന്ന മൗറോ ഇക്കാര്‍ഡിക്ക് ദേശീയ ടീമിനായി ഇതുവരെ ഒരു ഗോള്‍ പോലും നേടാനായിട്ടില്ലെന്നും, ഇക്കാര്‍ഡിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന യുവതാരങ്ങള്‍ ടീമില്‍ ഉണ്ടെന്നും പരിശീലകന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ ഇവരുടേയും ലോകകപ്പ് പ്രതീക്ഷകള്‍ ആശങ്കയിലായി.
കഴിഞ്ഞവര്‍ഷം ബ്രസിലില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ ലോകകപ്പ് റഷ്യയില്‍ സ്വന്തമാക്കാനുള്ള കടുത്ത ശ്രമത്തിലാണ് അര്‍ജന്റീന. ക്ലബിനായി ഒടുമിക്ക കിരീടങ്ങളും ബഹുമതികളും നേടുമ്പോഴും ദേശീയകുപ്പായത്തില്‍ ഒരു കിരീടമെന്ന സ്വപ്‌നവുമായി നടക്കുന്ന നായകനും സൂപ്പര്‍താരവുമായ ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പിയായിട്ടാണ് റഷ്യയിലേത് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനാല്‍ വരുന്ന ലോകകപ്പ് മെസ്സിക്കും അര്‍ജീനക്കും ഒരുപോലെ നിര്‍ണ്ണായകമാണ്. 1986 മെക്‌സികന്‍ ലോകകപ്പിലാണ് അര്‍ജന്റീന അവസാനമായി മുത്തമിട്ടത്. ഇതിഹാസതാരം മറഡോണയുടെ മികവിലായിരുന്നു അത്. അതിനുശേഷം 1990ലും 2014ലും ഫൈനലില്‍ എത്തിയെങ്കിലും ജര്‍മ്മനിക്കു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു അര്‍ജന്റീന.
ഇന്ന് രാത്രി നടക്കുന്ന സൗഹൃദ സന്നാഹ മല്‍സരത്തില്‍ അര്‍ജന്റീന ഇറ്റലിയെ നേരിടും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്‌റ്റേഡിയത്തിലാണ് മല്‍സരം. ഇതിനുമുന്നോടിയായിയുള്ള വാര്‍്ത്താസമ്മേളനത്തിലാണ് സാംപോളി മനസ്സു തുറന്നത്.