X

ഇബ്രാഹിം ബേവിഞ്ച നിര്യാതനായി

കാസര്‍കോട്: ചന്ദ്രിക മുന്‍ സഹപത്രാധിപരും അധ്യാപകനും കോളമിസ്റ്റും ഗ്രന്ഥകാരനുമായിരുന്ന ഇബ്രാഹിം ബേവിഞ്ച (69) നിര്യാതനായി.മലയാള നിരൂപണ ഗാഖയില്‍ സ്വന്തമായി ഒരിടം കണ്ടെത്തിയ പ്രതിഭാധനനാണ്. ഉത്തരകേരളത്തില്‍ നിന്നു മലയാള വിമര്‍ശന ഭൂമികയിലേക്ക് പ്രവേശിച്ച അദ്ദേഹം സാംസ്‌കാരിക സമന്വയത്തിന്റെയും സനാതനമൂല്യബോധത്തിന്റെയും ശക്തമായ വക്താവായി നിലയുറപ്പിച്ചിരുന്നു കാസര്‍കോട് ബേവിഞ്ചയിലെ അബ്ദുള്ള കുഞ്ഞി മുസ്ല്യാരുടെയും ചെമ്പിരിക്ക ഉമ്മാലിയുമ്മയും മകനാണ്. കാസര്‍കോട് ഗവ. കോളേജില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദം, പട്ടാമ്പി സംസ്‌കൃത കോളേജില്‍ നിന്ന് മലയാളത്തില്‍ എം.എ ബിരുദം, കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ എം.ഫില്‍ നേടി.1980-81 കാലത്ത് ചന്ദ്രിക ദിനപത്രത്തില്‍ സഹ പത്രാധിപര്‍. 1981 മുതല്‍ കാസര്‍കോട് ഗവ. കോ ളേജ്, കണ്ണൂര്‍ വിമന്‍സ് കോളേജ്, ഗോവിന്ദ പൈ സ്മാരക കോളേജ്, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ മലയാളം അധ്യാപകനായി ജോലി ചെയ്തു. 2010 മാര്‍ച്ച് 31ന് വിരമിച്ചു. കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം, കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് യു.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസിലും പി.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, അവിഭക്ത കണ്ണൂര്‍ ജില്ലാ ട്രഷറര്‍, കാസര്‍കോട് ജില്ലാ പ്രസിഡന്റ്, ചന്ദ്രിക ദിനപത്രത്തിന്റെ കാസര്‍കോട് ലേഖകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.ടി.ഉബൈദിന്റെ കവിതാലോകം, മുസ്‌ലിം സാമൂഹികജീവിതം മലയാളത്തില്‍, ഇസ്‌ലാമിക സാഹിത്യം മലയാളത്തില്‍, പക്ഷിപ്പാട്ട് ഒരു പുനര്‍ വായന, പ്രസക്തി, ബഷീര്‍ ദ മുസ്‌ലിം, നിളതന്ന നാട്ടെഴുത്തുകള്‍, മതിലുകള്‍ ഇനിയും ഇടിയാനുണ്ട്, ഉബൈദിന്റെ തീ പിടിച്ച പള്ളിയും, പി കുഞ്ഞിരാമന്‍ നായരുടെ കത്തുന്ന അമ്പലവും, ഖുര്‍ആനും ബഷീറും എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. മൊഗ്രാല്‍ കവികള്‍, പള്ളിക്കര എംകെ അഹമ്മദിന്റെ മാപ്പിള പ്പാട്ടുകള്‍, പൊന്‍കുന്നം സെയ്ദു മുഹമ്മദിന്റെ മാഹമ്മദം എന്നിവയെ കുറിച്ച് പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി.ടി അബ്ദുറഹ് മാന്റെ കറുത്ത മുത്ത് തൊട്ട് പതിനഞ്ചോളം പ്രസിദ്ധരായ എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് മുഖ പഠനങ്ങള്‍ എഴുതിയിട്ടുണ്ട്.

അബുദാബി കെ.എം.സി.സി, അബൂദാബി റൈറ്റേഴ്‌സ് ഫോറം, ഷാര്‍ജ കെ.എം.സി.സി, കാസര്‍കോട് സാഹിത്യവേദി, നടുത്തോപ്പില്‍ അബ്ദുല്ല, എംഎസ്.മൊഗ്രാല്‍, മൊറയൂര്‍ മിത്രവേദി, ഖത്തര്‍ കെ എംസിസി ജില്ലാ കമ്മിറ്റി, തുടങ്ങി പത്ത് അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസക്തി(18 വര്‍ഷം), മാധ്യമം ദിനപത്രത്തില്‍ കാര്യ വിചാരം(5 വര്‍ഷം), മാധ്യമം വാരാന്തപ്പതിപ്പില്‍ കഥ പോയ മാസത്തില്‍ (6 വര്‍ഷം), ആരാമം മാസികയില്‍ പെണ്‍വഴികള്‍ ( വര്‍ഷം); തൂലിക മാസികയില്‍ ചിന്തന (7 വര്‍ഷം), രിസാല വാരികയില്‍ പ്രകാശകം (3 വര്‍ഷം) എന്നീ കോളങ്ങള്‍ എഴുതി. ഖുര്‍ആനിക സൗന്ദര്യ ശാസ്ത്രത്തെകുറിച്ച് ഗവേഷണം ചെയ്യുന്നു. മലയാള സാഹിത്യത്തിലെ മതേതര ഭാവത്തെ കുറിച്ചുള്ള പഠനം പൂര്‍ത്തിയായിട്ടുണ്ട്.

ഭാര്യ: ഷാഹിദ.മക്കള്‍: ഷബാന, റിസ് വാന, ഷിബിലി അജ്മല്‍.മരുമക്കള്‍: റഫീഖ് കരി വെള്ളൂര്‍, സവാദ് അടുക്കത്ത്ബയല്‍, നിസ ഫസ് ലിന്‍.സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി ബേവിഞ്ച, അബ്ദുല്‍ റഹിമാന്‍ അടുക്കത്ത്ബയല്‍, പരേതയായ ആയിഷ. മയ്യത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബേവിഞ്ച ജുമാ മസ്ജിദില്‍.

webdesk11: