ലണ്ടന്‍: സ്പാനിഷ് സ്‌ട്രൈക്കര്‍ അല്‍വാരോ മൊറാട്ടയെ സ്വന്തമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാനേജര്‍ ഹോസെ മൗറീഞ്ഞോ വ്യക്തമാക്കി. റയല്‍ മാഡ്രിഡ് താരമായ മൊറാട്ടയെ ഓള്‍ഡ് ട്രാഫഡിലെത്തിക്കുക എന്നത് തന്റെ ലക്ഷ്യമായിരുന്നുവെങ്കിലും സ്പാനിഷ് ചാമ്പ്യന്മാരുമായി കരാറിലെത്താന്‍ കഴിഞ്ഞില്ലെന്ന് മൗറീഞ്ഞോ പറഞ്ഞു. അതേസമയം, കഴിഞ്ഞ സീസണിനൊടുവില്‍ കരാര്‍ പുതുക്കാതെ വിട്ട സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനെ മൗറീഞ്ഞോ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്തു.
‘ഞങ്ങളുടേതല്ലാത്ത കളിക്കാരെപ്പറ്റി സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. മൊറാട്ട റയല്‍ മാഡ്രിഡിന്റെ കളിക്കാരനാണ്. ഞങ്ങള്‍ക്ക് അവനില്‍ താല്‍പര്യമുണ്ടായിരുന്നു. പക്ഷേ, മൊറാട്ടയുടെ വില സംബന്ധിച്ച് സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. തങ്ങളുടെ കളിക്കാര്‍ക്ക് എത്ര പണവും ആവശ്യപ്പെടാനുള്ള അവകാശം റയല്‍ മാഡ്രിഡിനുണ്ട്. അവര്‍ പറഞ്ഞ തുക അംഗീകരിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല.’ മൗറീഞ്ഞോ പറഞ്ഞു.
പരിക്കില്‍ നിന്ന് മോചനം നേടുന്ന സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചുമായി പുതിയ കരാറിലെത്താനുള്ള താല്‍പര്യം മൗറീഞ്ഞോ പ്രകടിപ്പിച്ചു. യുനൈറ്റഡില്‍ തുടര്‍ന്നും കളിക്കണോ എന്ന കാര്യം തീരുമാനിക്കേണ്ടത് ഇബ്രാഹിമോവിച്ച് ആണെന്നും താരം അടുത്ത സീസണിലും ഓള്‍ഡ് ട്രാഫഡില്‍ കളിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും മാനേജര്‍ പറഞ്ഞു.പി.എസ്.ജിയില്‍ നിന്ന് യുനൈറ്റഡിലെത്തിയ ഇബ്രാഹിമോവിച്ച് കഴിഞ്ഞ സീസണില്‍ 28 ഗോളുകള്‍ നേടി ടീമിന്റെ ടോപ് സ്‌കോറര്‍ ആയിരുന്നു. യൂറോപ്പ ലീഗ് ക്വാര്‍ട്ടറില്‍ ആന്ദര്‍ലെഷ്തിനെതിരെ പരിക്കേറ്റ താരത്തിന് സീസണിലെ അവസാന മത്സരങ്ങള്‍ കളിക്കാനായില്ല. ജൂണ്‍ 30-നാണ് യുനൈറ്റഡുമായുള്ള ഇബ്രയുടെ കരാര്‍ അവസാനിച്ചത്. 75 ദശലക്ഷം മുടക്കി എവര്‍ട്ടനില്‍ നിന്ന് റൊമേലു ലുകാകുവിനെ യുനൈറ്റഡ് വാങ്ങിയതോടെ 36-കാരനായ ഇബ്രാഹിമോവിച്ച് പുതിയ തട്ടകം തേടുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. അമേരിക്കന്‍ ക്ലബ്ബായ ലോസ് എയ്ഞ്ചല്‍സ് എഫ്.സിയുമായി അദ്ദേഹത്തിന്റെ ഏജന്റ് ചര്‍ച്ച നടത്തിയിട്ടുണ്ട്. കരാര്‍ അവസാനിച്ചെങ്കിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കാരിങ്ടണിലുള്ള ഫിറ്റ്‌നസ് സെന്ററിലാണ് ഇബ്രാഹിമോവിച്ച് ഇപ്പോഴുള്ളത്.