X

ഐ.എ.എസ് ഒന്നാം റാങ്കുകാരിക്ക് മിന്നു കെട്ടി രണ്ടാം റാങ്കുകാരന്‍

ശ്രീനഗര്‍: 2015ലെ സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി രണ്ടാം റാങ്കുകാരനെ ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ജീവിത പങ്കാളിയാക്കി. ഒന്നാം റാങ്കുകാരിയും യു.പി.എസ്.സി പരീക്ഷയില്‍ ചരിത്രത്തിലാദ്യമായി ഒന്നാം റാങ്കിലെത്തിയ ദളിത് പെണ്‍കുട്ടിയുമായ ടീന ദാബിയാണ് (24) കശ്മീരിലെ പഹല്‍ഗാം സ്വദേശിയായ രണ്ടാം റാങ്കുകാരന്‍ അത്തര്‍ അമീറുല്‍ ഷാഫി ഖാനെ (25) ജീവിത പങ്കാളിയാക്കിയത്. ശനിയാഴ്ച രാത്രി പെഹല്‍ഗാമിലെ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം.

ഇരുവരും നിലവില്‍ രാജസ്ഥാന്‍ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ്. മസൂറിയിലെ ഐ.എ.എസ് പരിശീലനത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. 2017 നവംബറില്‍ തന്നെ ഇരുവരും വിവാഹിതരാവുമെന്ന് പ്രഖ്യാപിച്ചിരുന്നു. ടീന ദാബിയുടെ മാതാപിതാക്കള്‍ ഇന്ത്യന്‍ എഞ്ചിനീയറിങ് സര്‍വീസിലാണ്. അതേസമയം അനന്തനാഗില്‍ സ്‌കൂള്‍ അധ്യാപകനാണ് ഖാന്റെ പിതാവ്. ഡല്‍ഹിയിലെ ലേഡി ശ്രീരാം കോളജില്‍ നിന്നും രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ദാബി സിവില്‍ സര്‍വീസിലെത്തിയത്. ഹിമാചലിലെ മണ്ഡി ഐ.ഐ.ടിയില്‍ നിന്നും ബിടെക് ബിരുദം നേടിയാണ് ഖാന്‍ സിവില്‍ സര്‍വീസിലെത്തിയത്.

chandrika: