X

ഐഎഎസുകാര്‍ക്കെതിരെ മുഖ്യമന്ത്രി; സമരത്തില്‍ നിന്ന് പിന്‍മാറി ഐഎഎസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: ഐഎഎസുകാരുടെ സമരം ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണം നിയന്ത്രിക്കുന്നവര്‍ തന്നെ സമരത്തിലേക്ക് പോകുന്നത് സ്വീകാര്യമല്ലെന്ന് പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് ഐഎഎസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ സമരത്തെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരത്തില്‍ നിന്ന് പിന്‍മാറി. ഉടന്‍തന്നെ അവര്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് അറിയിച്ചു.

ഐഎഎസുകാര്‍ക്കെതിരായ അന്വേഷണം ആദ്യമായല്ല. വിജിലന്‍സ് അന്വേഷണങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല. ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരം ചെയ്ത് സര്‍ക്കാരിനെ കീഴ്‌പ്പെടുത്താന്‍ അനുവദിക്കില്ല. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായാണ് സമരം എങ്കില്‍ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ചാണ് ഇന്ന് അവധിയെടുത്ത് പ്രതിഷേധിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. ഈ സമരരീതിയുടെ ഭാഗമായാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. എന്നാല്‍ സമരത്തിന് അംഗീകാരം നല്‍കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ന്നാണ് പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറിയതായി ഐഎഎസുകാര്‍ അറിയിച്ചത്.

chandrika: