ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി ചട്ടപ്രകാരം മൂന്ന് തവണയിലേറെ ഒരാള്‍ക്ക് രാജ്യസഭയിലേക്ക മത്സരിക്കാനാവില്ല. പാര്‍ട്ടിയുടെ നയം സെക്രട്ടറി എന്ന നിലയില്‍ മറികടക്കാന്‍ താന്‍ ശ്രമിക്കില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. നിലവില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭ എംപിയാണ് യെച്ചൂരി.
ഏപ്രില്‍ അഞ്ചിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയില്‍ വീണ്ടും യെച്ചൂരി മത്സരിക്കുകയാണെങ്കില്‍ പിന്തുണ നല്‍കുമെന്ന് ധാരണയായതായി വാര്‍ത്ത പ്രചരിച്ചിരുന്നു. യെച്ചൂരി മത്സരിക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തും.
നേരത്തേ, യെച്ചൂരി വീണ്ടും മത്സരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ നയം സെക്രട്ടറിക്ക് വേണ്ടി മാറ്റിത്തിരുന്നു എന്ന ആശങ്കകളേക്കാള്‍ കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലെത്തുന്നതിനെയായിരുന്നു വിമര്‍ശനമുയര്‍ന്നിരുന്നത്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരസ്യപ്രതികരണത്തിലൂടെ ഉയര്‍ന്നുകൊണ്ടിരുന്ന ഊഹാപോഹങ്ങള്‍ക്കാണ് അവസാനമാവുന്നത്. കീഴ് വഴക്കമനുസരിച്ച് ഒരു പാര്‍ട്ടി അംഗത്തെ രണ്ട് തവണയിലധികം രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാറില്ല എന്ന നയം ലഘിക്കാന്‍ തയാറല്ലെന്നാണ് യെച്ചൂരി വ്യക്തമാക്കിയത്.
ആറ് രാജ്യസഭാ സീറ്റുകളാണ് പശ്ചിമബംഗാളിന് ഉള്ളത്. അതില്‍ അഞ്ചും തൃണമൂല്‍ കോണ്‍ഗ്രസിനാണ്. 211 എംഎല്‍എമാരുള്ള തൃണമൂലിന് ഇത് നിലനിര്‍ത്തുക അത്ര പ്രയാസമുള്ള കാര്യമല്ല. 294 അംഗ പശ്ചിമബംഗാള്‍ നിയമസഭയില്‍ 26 എംഎല്‍എമാര്‍ മാത്രമുള്ള സിപിഐഎമ്മിന് യെച്ചൂരി മത്സരത്തിനില്ലെങ്കില്‍ പ്രാതിനിധ്യം നഷ്ടമാവും.