ബാലന്‍ ദോര്‍ പുരസ്‌കാരത്തിനുള്ള ഹോട്ട് ഫേവറേറ്റുകളില്‍ റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിലും ലാലിഗയിലുമായി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ വിനീഷ്യസ് ജൂനിയറിന് സാധ്യത കൂട്ടുന്നതായിരുന്നു.
എന്നാല്‍ ബാലന്‍ദോര്‍ പുരസ്‌കാരദാന ചടങ്ങിന് തൊട്ട് മുമ്പ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ റയല്‍ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു.
വിനീഷ്യസ് ജൂനിയറിനെയും പിന്തള്ളി സ്പാനിഷ് മിഡ്ഫീല്‍ഡറായ റോഡ്രി ബാലണ്‍ ദോറിന് അര്‍ഹത നേടി. അതേസമയം വിനീഷ്യസ് ജൂനിയറും റയല്‍ മാഡ്രിഡും ചടങ്ങ് ബഹിഷ്‌കരിച്ചു.
വംശീയതക്കെതിരായ തന്റെ പോരാട്ടങ്ങളാണ് പുരസ്‌കാരം ലഭിക്കാതിരിക്കാന്‍ കാരണമെന്നാണ് വിനീഷ്യസ് പ്രതികരിച്ചത്.
റോഡ്രി പുരസ്‌കാരം നേടിയതിന് പിന്നാലെ വിനീഷ്യസ് ജൂനിയര്‍ എക്‌സില്‍ പ്രതികരിച്ചത് ഞാനെന്റെ പോരാട്ടം പതിന്മടങ്ങ് ഊര്‍ജത്തില്‍ തുടരുമെന്നാണ്. സംവിധാനങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന താരങ്ങളെ ഫുട്‌ബോള്‍ ലോകം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് റയല്‍ മാനേജ്‌മെന്റും പ്രതികരിച്ചു.