X

ആ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി; എം.ടിയെ അവസാനമായി കാണാനെത്തി മോഹന്‍ലാല്‍

അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായരെ അനുസ്മരിച്ച് ചലച്ചിത്രതാരം മോഹൻലാൽ. എം.ടിയുടെ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മോഹൻലാൽ. ഇന്ന് പുലർച്ചെയോടെയാണ് മോഹൻലാൽ സിതാരയിലെത്തിയത്.

എം.ടിയുടെ രണ്ട് സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു. അവസാനമായി ഓളവും തീരവും എന്ന സിനിമയിലാണ് അഭിനയിച്ചത്. തന്നോട് വലിയ സ്‌നേഹമായിരുന്നു. വൈകാരികമായ അടുപ്പമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. ഇന്ത്യയിൽ അറിയപ്പെടുന്ന സാഹിത്യകാരനാണ് എം.ടി. തനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ്. തന്റെ നാടകങ്ങൾ കാണാൻ അദ്ദേഹം എത്തിയിരുന്നുവെന്നും മോഹൻലാൽ അനുസ്മരിച്ചു.

അന്തരിച്ച മഹാസാഹിത്യകാരൻ എം.ടി വാസുദേവൻ നായർ ഇനി ഓർമ. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. എം.ടിയുടെ ആഗ്രഹ പ്രകാരം പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്.

ഇന്നലെ രാത്രിയോടെയാണ് ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തിച്ചത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.

webdesk13: