X
    Categories: CultureMoreViews

ബാങ്കുകള്‍ തന്നെ തട്ടിപ്പിന്റെ പ്രതീകമാക്കി മാറ്റിയെന്ന് മല്യ

Former Indian politician and billionaire businessman Vijay Mallya arrives for his extradition hearing arrives at Westminster Magistrates Court in London, Tuesday, June 13, 2017. (AP Photo/Matt Dunham)

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ 9000 കോടി രൂപയുടെ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തുകള്‍ പുറത്ത്.
പൊതുമേഖലാ ബാങ്കുകളുടെ വായ്പ തിരിച്ചടക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും സ്വത്തുക്കള്‍ വിറ്റ് കടങ്ങള്‍ വീട്ടാന്‍ തയ്യാറാണെന്നും വ്യക്തമാക്കി പ്രധാനമന്ത്രിക്കും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും എഴുതിയ രണ്ട് കത്തുകളാണ് പുറത്തുവന്നത്. ബാങ്കുകള്‍ തന്നെ തട്ടിപ്പിന്റെ പ്രതീകമാക്കി മാറ്റിയെന്നും അങ്ങനെ പൊതുജനങ്ങള്‍ക്കിടയില്‍ താന്‍ വെറുക്കപ്പെട്ടവനായെന്നും മല്യ കത്തില്‍ ചൂണ്ടിക്കാട്ടി.
ബാങ്കുകളുമായുള്ള ഇടപാട് തീര്‍ക്കാന്‍ എല്ലാ ശ്രമങ്ങളും തുടരുകയാണ്. ബാധ്യതകളെല്ലാം തീര്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. എന്നാല്‍ രാഷ്ട്രീയപരമായ ഇടപെടലുണ്ടായാല്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളുമെല്ലാം ചേര്‍ന്ന് താന്‍ 9000 കോടി മോഷ്ടിച്ച് കടന്നുകളഞ്ഞുവെന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഒരു ന്യായീകരണവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് തനിക്കെതിരെ സി.ബി.ഐയും എന്‍ഫോഴ്സ്മെന്റും കുറ്റം ചുമത്തിയത്.
മാത്രമല്ല 13900 കോടി രൂപ മൂല്യമുള്ള തന്റെ സ്ഥാപനങ്ങള്‍ അടക്കമുള്ളവ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു. കോടതി മേല്‍നോട്ടത്തില്‍ തന്റെ സ്വത്തുക്കള്‍ വിറ്റഴിച്ച് ബാധ്യത തീര്‍ക്കാന്‍ കോടതിയോട് അനുമതി തേടിയിട്ടുണ്ടെന്നും മല്യ കത്തില്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ മദ്യ കമ്പനിയടക്കം നിരവധി സ്ഥാനപനങ്ങള്‍ ഇന്ത്യയില്‍ തുടങ്ങി. കോടികള്‍ രാജ്യത്തിന് നികുതിയായി അടച്ചു. രാജ്യവ്യാപകമായി 100 ഓളം ഫാക്ടറികളിലായി ആയിരങ്ങള്‍ക്ക് ജോലി നല്‍കി. ഇതൊന്നും മനസ്സിലാക്കാനോ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരാനോ മാധ്യമങ്ങള്‍ ശ്രമിച്ചില്ല.
നിയമ കുരുക്കില്‍ നിന്ന് നീതി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. 2016 ഏപ്രില്‍ 15ന് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും കത്തെഴുതിയിരുന്നു. എന്നാല്‍ യാതൊരു മറുപടിയും ലഭിച്ചില്ല. അതിനാലാണ് ഒരു തുറന്ന കത്തെഴുതിയതെന്നും മല്യ കൂട്ടിച്ചേര്‍ത്തു. 2016ലാണ് മദ്യ വ്യാപാരിയായ മല്യ രാജ്യം വിട്ട് യു.കെയില്‍ അഭയം തേടിയത്. 17 ബാങ്കുകള്‍ക്കായി 9,000 കോടി രൂപയോളം മല്യ തിരിച്ചടക്കാനുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: