X

ഞാനും ഹിന്ദു ഭക്തനാണ്, എന്നാല്‍ ബി.ജെ.പിക്കാരെ പോലെ പരസ്യമായി പ്രകടിപ്പിക്കാറില്ല -ജെ.ഡി.യു നേതാവ് രാജീവ് രഞ്ജന്‍ സിങ്

താനൊരു ഭക്ത ഹിന്ദുവാണെന്നും എന്നാല്‍ ബി.ജെ.പിയിലെ ചിലരെ പോലെ അത് പരസ്യമായി പ്രകടിപ്പിക്കാറില്ലെന്നും തുറന്നടിച്ച് ജെ.ഡി.യു നേതാവ് രാജീവ് രഞ്ജന്‍ സിങ്. മോദിയുടെയും ബി.ജെ.പിയുടെയും വിടവാങ്ങലിന് ബിഹാര്‍ വഴികാണിക്കുമെന്നും ലാലന്‍ സിങ് എന്നറിയപ്പെടുന്ന മുതിര്‍ന്ന ജെ.ഡി.യു നേതാവ് പൊതുപരിപാടിക്കിടെ പറഞ്ഞു. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ച ശേഷം ആദ്യമായാണ് രാജീവ് രഞ്ജന്‍ സിങ് പൊതുപരിപാടിയില്‍ സംസാരിക്കുന്നത്.

തന്റെ ലോക്‌സഭ മണ്ഡലമായ മുങ്ങറില്‍ 4 പൊതുപരിപാടികളിലാണ് സിങ് പ?ങ്കെടുത്തത്. മതവും വിശ്വാസവും മറ്റുള്ളവരെ കാണിക്കാനുള്ളതാകരുതെന്നും അദ്ദേഹം പറഞ്ഞു. ?”ഞാനൊരു ഹിന്ദുവാണ്. കടുത്ത മതവിശ്വാസി. എന്നാല്‍ ബി.ജെ.പിക്കാരെ പോലെ ഞാനത് പരസ്യമായി പ്രകടിപ്പിക്കാറില്ല. മതപരമായ കേന്ദ്രങ്ങള്‍ ഒരിക്കലും എക്‌സിബിഷന്‍ സെന്ററുകളാക്കി മാറ്റരുത്. ബി.ജെ.പി ജനങ്ങളെ വഴിതെറ്റിക്കുകയാണ്.

സ്പോണ്‍സര്‍ ചെയ്ത വാര്‍ത്തകളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനാണ് മാധ്യമങ്ങളെ അവര്‍ രംഗത്തിറക്കുന്നത്”-രാജീവ് രഞ്ജന്‍ സിങ് ആരോപിച്ചു. ബിഹാര്‍ സര്‍ക്കാരും ജെ.ഡി.യുവും പിളര്‍ന്നു എന്ന രീതിയിലുള്ള പ്രവചനങ്ങള്‍ക്ക് ഒരടിസ്ഥാനവുമില്ല.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ സുശക്തമാണ്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ കീഴില്‍ ഞങ്ങളൊന്നിച്ചു തന്നെ പോരിനിറങ്ങും. ബി.ജെ.പിക്കും നരേന്ദ്രമോദി സര്‍ക്കാരിനും വിട പറയേണ്ടതെങ്ങനെയെന്ന് ബിഹാര്‍ വഴികാണിക്കും. -സിങ് കൂട്ടിച്ചേര്‍ത്തു.

സിങ് ജെ.ഡി.യു അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഡല്‍ഹിയില്‍ നടന്ന ദേശീയ എക്‌സിക്യുട്ടിവ് യോഗത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചുമതലയേറ്റിരുന്നു. ലോക്‌സഭ മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സ്ഥാനമൊഴിഞ്ഞതെന്നാണ് സിങ് പറഞ്ഞത്. എന്നാല്‍ സിങ്ങിനെ പുറത്താക്കിയതാണെന്നാണ് ബി.ജെ.പിയുടെ പ്രചാരണം. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനൊപ്പം ചേര്‍ന്ന് നിതീഷ് കുമാറിനെതിരെ ഗൂഢാലോചന നടത്തിയെന്ന് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സിങ് മുന്നറിയിപ്പ് നല്‍കി.

 

webdesk13: