X

പ്രധാനമന്ത്രി ആണെന്ന കാര്യം മോദി മറന്നു പോയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിയാണു താനെന്ന കാര്യം നരേന്ദ്ര മോദി മറന്നെന്നു തുറന്നടിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തിയത്. രാഷ്ട്രീയ ലക്ഷ്യം ഉദ്ദേശിച്ചുളള പ്രസംഗമാണ് മോദി പാര്‍ലമെന്റില്‍ നടത്തിയതെന്നും പ്രതിപക്ഷത്തെ എതിര്‍ക്കുന്നതിന് പകരം ചോദ്യങ്ങള്‍ക്ക് മറുപടിയാണ് പ്രധാനമന്ത്രി പറയേണ്ടതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഒരു പ്രധാനമന്ത്രിയെ പോലെ സംസാരിക്കുന്ന പ്രധാനമന്ത്രിയെ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഓരോ തവണയും അദ്ദേഹത്തിന്റെ പ്രസംഗം. കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കള്‍, നരേന്ദ്രമോഡി എന്നിവരില്‍ മാത്രമായി ഒതുങ്ങുകയാണ്. ഇവിടെ രാജ്യം പ്രശ്‌നങ്ങള്‍ അനുഭവിക്കുകയാണ്. അവിടെയെല്ലാം മോദി നിശബ്ദമാണ്, രാഹുല്‍ പറഞ്ഞു.
താന്‍ പ്രധാനമന്ത്രി ആണെന്ന കാര്യം മോദി മറന്നു പോയെന്നാണ് തോന്നുന്നത്. പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനാണ് മോദി സംസാരിക്കുന്നത്. ചോദ്യങ്ങള്‍ക്ക് മോദി മറുപടി പറയണം. ഒരുമണിക്കൂറിലധികം പാര്‍ലമെന്റില്‍ സംസാരിച്ചിട്ടും അദ്ദേഹം റാഫേല്‍ ഇടപാടിനെ കുറിച്ചോ കര്‍ഷകരെ കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ ഒരക്ഷരം മിണ്ടിയില്ല. രാജ്യത്തിന്റെ ചോദ്യങ്ങളോട് മൗനം പാലിച്ച മോദി വെറും രാഷ്ട്രീയപ്രസംഗമാണ് ലോക്‌സഭയില്‍ നടത്തിയതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
പാര്‍ലമെന്റ് പ്രസംഗത്തിലെ പ്രധാനമന്ത്രിയുടെ നിസംഗതക്കെതിരെ രാഹുല്‍ ട്വിറ്ററിലും രംഗത്തെത്തി.

പാര്‍ലമെന്റില്‍ നമ്മുടെ സാഹബിന്റെ പ്രസംഗം വളരെ നീണ്ടുപോയി. അദ്ദേഹം പകലിനെ പറഞ്ഞ് രാത്രിയാക്കി. സര്‍ക്കാറിന്റെ പരാജയങ്ങളെ മൂടിവെച്ച അദ്ദേഹത്തിന്റെ വികാരഭരിതമായ പ്രസംഗത്തിലൂടെ രാജ്യത്തിന്റെ പ്രശ്‌നങ്ങളെ അദ്ദേഹം മറച്ചു പിടിക്കുകയാണുണ്ടായത്. റാഫേല്‍ ഇടപാടിനെ കുറിച്ചോ കര്‍ഷകരെ കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ ഒരക്ഷരം മിണ്ടിയില്ല, കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി മറുപടി നല്‍കൂ എന്നാ ഹാഷ് ടാഗോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്

chandrika: