ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് വീണ്ടും ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. തന്റെ അഭിപ്രായത്തില്‍ മോദി ഹിമാലയത്തില്‍ പോയി താമസിക്കുന്നതാണ് നല്ലതെന്ന് ജിഗ്നേഷ് മേവാനി പ്രതികരിച്ചു.
മോദിയുടെ സംസാരത്തെ കാര്യമായ വകവെക്കേണ്ടതില്ല. അദ്ദേഹം തൊഴിലില്ലായ്മ ഉള്‍പ്പെടെ രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടത്. അധികാരത്തിലേറുന്നതിന് മുമ്പ് മോദി വാഗ്ദാനം ചെയ്തത് പ്രതിവര്‍ഷം രണ്ടു കോടി തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു. ഇതുപ്രകാരം നാലു വര്‍ഷം കൊണ്ട് ഒമ്പതു കോടി തൊഴിലവസരം. എന്നാല്‍ വെറും ഒമ്പതു ലക്ഷം തൊഴിലവസരം പോലുമുണ്ടാക്കാന്‍ മോദിക്കായിട്ടില്ലെന്നും മേവാനി കുറ്റപ്പെടുത്തി.
കര്‍ഷകരുടെ ആത്മഹത്യ, കാര്‍ഷിക പ്രതിസന്ധി, ദളിത്-ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. മോദിയുടെ ഒരു വാക്കു പോലും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല. തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിനു പകരം മോദി ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്തി രസിക്കുകയാണ്. ചരക്കു സേവന നികുതി പ്രഖ്യാപിച്ചത് രാജ്യത്ത് തൊഴിലില്ലായ്മയുടെ തോത് വര്‍ധിപ്പിച്ചിരിക്കുകയാണ്. യുവജനത വരെ മോദിയുടെ മൗനത്തിനെതിരെ ശക്തമായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. മോദിയുടെ വികസന മോഡല്‍ നാടിന്റെ നാശത്തിനാണെന്ന് സമീപകാല പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നതാണെന്നും ജിഗ്നേഷ് മേവാനി കുറ്റപ്പെടുത്തി.