വാഷിംഗ്ടണ്‍: കോവിഡുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്നതും ദോഷകരവുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചപേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റില്‍ വീണ്ടും ട്വിറ്ററിന്റെ തിരുത്ത്. കൊവിഡില്‍ നിന്ന് താന്‍ പരിപൂര്‍ണമായും മുക്തനായെന്നും തനിക്ക് പ്രതിരോധ ശേഷി കിട്ടില്ലെ്ന്നും അത് ആര്‍ക്കും നല്‍കാനാവില്ലെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ പരിഹാസ ട്വീറ്റാണ് ട്വിറ്റര്‍ തിരുത്തിയത്.
അതേസമയം, ഇന്നലെ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ട്വീറ്റിന് വിരുദ്ധമായും സംസാരിച്ചിരുന്നു. ‘എനിക്ക് പ്രതിരോധ ശേഷി കൈവന്നിട്ടുണ്ട്. ചിലപ്പോള്‍ കുറച്ച് കാലത്തേക്കാവും, ചിലപ്പോള്‍ കൂടുതല്‍ കാലം പ്രതിരോധ ശേഷി നീണ്ടു നിന്നേക്കാം. ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ നിലനിന്നേക്കാം. നിലവില്‍ എനിക്ക് ഇപ്പോള്‍ പ്രതിരോധ ശേഷി കൈവന്നിട്ടുണ്ട്,’ ട്രംപ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ എതിരാളിയെ നേരിടാന്‍ ഇപ്പോള്‍ താന്‍ പ്രാപ്തനാണെന്നും ട്രംപ് പറഞ്ഞു. ‘ഇപ്പോള്‍ പ്രതിരോധ ശേഷി കൈവന്ന ഒരു പ്രസിഡന്റാണ് അമേരിക്കക്കാര്‍ക്കുള്ളത്. തെരഞ്ഞെടുപ്പില്‍ എന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെ പോലെ നിലവറയില്‍ പോയി ഒളിച്ചിരിക്കേണ്ട കാര്യമെനിക്കില്ല,’ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു.
കൊവിഡിനെ ചൈന വൈറസ് എന്ന് ട്രംപ് വീണ്ടും അധിക്ഷേപിക്കുകയുമുണ്ടായി. ‘എനിക്കിപ്പോള്‍ വളരെ സുഖം തോന്നുന്നുണ്ട്. പ്രതിരോധം എന്ന് പറഞ്ഞാല്‍ അത് സുരക്ഷാ കവചം പോലെയൊന്നാണ്. ഞാന്‍ ഈ ചൈന വൈറസിനെ തോല്‍പ്പിച്ചുവെന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്,’ ട്രംപ് പറഞ്ഞു.
അതേസമയം കൊവിഡ് സ്ഥിരീകരിച്ച് നാലാം നാള്‍ ആശുപത്രി വിട്ട ട്രംപ് പൂര്‍ണമായും കൊവിഡ് മുക്തനായോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു,. ട്രംപ് പൂര്‍ണമായും രോഗത്തില്‍ നിന്ന് പുറത്ത് കടന്നിട്ടില്ലെന്ന് ആശുപത്രി വിട്ടതിന് പിന്നാലെ ട്രംപിനെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയോളം അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷ പാലിക്കണമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു.