അടിസ്ഥാനപരമായി താന്‍ ജനാധിപത്യത്തിന് എതിരാണെന്ന് നടന്‍ ശ്രീനിവാസന്‍. ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ട്. ആരു ജയിച്ചാലും അവര്‍ ജനത്തിന് എതിരാണ്. ഇന്ത്യ അടുത്തൊന്നും കരകയറാനുള്ള യാതൊരു ലക്ഷണവും ഇല്ല. സുരേഷ് ഗോപിയെ എനിക്കിഷ്ടമാണ്, പക്ഷെ അയാളുടെ പാര്‍ട്ടിയായ ബി.ജെ.പിയെ ഇഷ്ടമല്ല. തൃപ്പൂണിത്തുറയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കില്‍ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട് വിലകുറഞ്ഞ വിഷം കഴിച്ച് സോക്രട്ടീസ് മരിച്ചേനെയെന്നും ശ്രീനിവാസന്‍ പറഞ്ഞു.
”ഏത് പാര്‍ട്ടി ജയിച്ചാലും നമുക്ക് എതിരായിരിക്കും. ഞാന്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ട്. അതുകൊണ്ടാണ് എനിക്ക് താല്‍പര്യമില്ലാത്തത്. ജനാധിപത്യത്തിന്റെ ആദ്യ മോഡല്‍ ഉണ്ടായത് ഗ്രീസിലാണെന്ന് പറഞ്ഞു. നമ്മളേക്കാള്‍ ബുദ്ധിയുണ്ടെന്ന് കരുതുന്ന സോക്രട്ടീസ് അന്ന് പറഞ്ഞത്, കഴിവുള്ളവരെ ജനങ്ങള്‍ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്നു, പക്ഷേ ഈ വോട്ട് ചെയ്യുന്നവര്‍ക്ക് കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ എന്നാണ്. അതു തന്നെയാണ് പ്രശ്‌നം. ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കില്‍ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടിക്കൊന്നിട്ട്, വിലകുറഞ്ഞ വിഷം കഴിച്ച് മരിച്ചേനെ. വിലകൂടിയ വിഷം കഴിക്കുന്നത് ആര്‍ഭാടമാണ്. വില കുറഞ്ഞ വിഷം കഴിച്ച് മരിക്കുന്നതാണ് നല്ലത്.
ഇന്ത്യ അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല. ഞാന്‍ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് ഇങ്ങനെ മോശമായിട്ട് പറഞ്ഞപ്പോള്‍, ദുബൈയില്‍ നിന്ന് ലീവിനു വന്ന ഒരാള്‍ ചോദിച്ചു, എന്തെങ്കിലും ഒരു വ്യവസ്ഥിതിയില്ലാതെ എങ്ങനെ ശരിയാകുമെന്ന്. ഞാന്‍ പറഞ്ഞു, ദുബൈയില്‍ നിന്ന് വന്ന ഒരാള്‍ എന്നോട് ഇങ്ങനെ ചോദിക്കരുത്. ദുബൈയിലുള്ള ഭരണാധികാരി ജനാധിപത്യ വിശ്വാസിയാണോ? ഏതെങ്കിലും പാര്‍ട്ടിയുടെ ആളാണോ? ഒന്നുമല്ലല്ലോ. നാടിനോടും ജനങ്ങളോടും അല്‍പം സ്‌നേഹം വേണം.” ശ്രീനിവാസന്‍ പറഞ്ഞു.
‘സുരേഷ് ?ഗോപി എനിക്ക് വ്യക്തിപരമായി ഇഷ്ടമുളള ആളാണ്. പക്ഷെ, അദ്ദേഹത്തിന്റെ പാര്‍ട്ടിയോടൊന്നും എനിക്ക് താത്പര്യമില്ല’ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.