ചെന്നൈ: ഐ ലീഗ് ഫുട്‌ബോളില്‍ ചെന്നൈ സിറ്റിക്ക് കിരീടം. നിര്‍ണായക മത്സരത്തില്‍ മിനര്‍വ പഞ്ചാബിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചാണ് ചെന്നൈ കിരീടം നേടിയത്. 20 കളികളില്‍ 13 ജയമടക്കം 43 പോയിന്റാണ് ചെന്നൈ സിറ്റിക്കുള്ളത്. മറ്റൊരു മത്സരത്തില്‍ ഗോകുലം കേരളയെ തോല്‍പിച്ചെങ്കിലും (2-1) ഈസ്റ്റ് ബംഗാളിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുത്തേണ്ടി വന്നു. 42 പോയിന്റാണ് ഈസ്റ്റ് ബംഗാളിന്റെ സമ്പാദ്യം.
നിര്‍ണായക മത്സരത്തില്‍ ചെന്നൈ സിറ്റിയുടെ ചങ്കിടിപ്പ് കൂട്ടിയാണ് മത്സരം ആരംഭിച്ചത്. മൂന്നാം മിനിറ്റില്‍ ബിലാലയുടെ ഗോളില്‍ മിനര്‍വ ആദ്യം മുന്നിലെത്തി. ചെന്നൈക്കായി 56ാം മിനുറ്റില്‍ പെഡ്രോ പെനാല്‍റ്റിയിലൂടെ സമനില പിടിച്ചു. ഗൗരവ് ബോറയുടെ വകയായിരുന്നു അടുത്ത രണ്ടു ഗോളുകള്‍. ഇതോടെ ആവേശം നിറഞ്ഞ അവസാന പോരാട്ടങ്ങള്‍ക്കൊടുവില്‍ ചെന്നൈ കപ്പുയര്‍ത്തുകയായിരുന്നു.