മുംബൈ: ഈ വര്‍ഷത്തെ ഐ ലീഗ് ഫുട്‌ബോള്‍ കിരീടം മിനര്‍വ പഞ്ചാബ് എഫ് സ്വന്തമാക്കി. അവസാന ലീഗ് മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് മിനര്‍വ കന്നി കിരീടം സ്വന്തമാക്കിയത്. ഐ ലീഗ് സ്വന്തമാക്കുന്ന ആദ്യത്തെ ഉത്തരേന്ത്യന്‍ ക്ലബ്ബാണ് മിനര്‍വ. 18 മല്‍സരങ്ങളില്‍ നിന്ന് 35 പോയിന്റ് നേടിയാണ് മിനര്‍വ ഒന്നാമതെത്തിയത്.
ഐ ലീഗ് സീസണിലെ അവസാന മത്സരത്തിനിറങ്ങിയ ഗോകുലം കേരള എഫ്.സി സമനില നേടി. കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ കരുത്തരായ മോഹന്‍ ബഗാനെയാണ് 1-1 ന് സമനിലയില്‍ കുരുക്കിയത്. കളിയുടെ 24ാം മിനിറ്റില്‍ കൊല്‍ക്കത്തന്‍ ക്ലബിനായി നൈജീരിയന്‍ താരം അസര്‍ പിയറി ക്ഡിക്കി ഹെസ്സറിലൂടെ വല കുലുക്കി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ കേരളം യുഗാണ്ടര്‍ സ്‌ട്രൈക്കര്‍ ഹെന്‍ട്രി കിസേക്കയിലുടെ സമനില കണ്ടെത്തി. രണ്ടാം പകുതിയില്‍ ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും ലക്ഷ്യം മാത്രം അകന്നു.
മല്‍സരം സമനിലയായതോടെ സൂപ്പര്‍കപ്പിന് നേരിട്ട് യോഗ്യത നേടാമെന്ന ഗോകുലത്തിന്റെ സ്വപ്‌നം പൊലിഞ്ഞു. ഇനി യോഗ്യതാ റൗണ്ട് കളിച്ചാല്‍ മാത്രമേ ഗോകുലം എഫ്‌സിക്ക് സൂപ്പര്‍കപ്പില്‍ കളിക്കാനാവൂ. 21 പോയിന്റുള്ള ഗോകുലം എഫ്‌സി ഏഴാം സ്ഥാനത്താണ്.