ഐലീഗില്‍ ആദ്യജയം തേടി കേരള എഫ്.സി വീണ്ടും കളത്തില്‍. ആദ്യരണ്ട് മത്സരത്തില്‍ നിന്ന് നിരവധി മാറ്റങ്ങളുമായാണ് ടീം സ്വന്തംതട്ടകത്തില്‍ ഇറങ്ങുന്നത്. മണിപ്പൂരില്‍ നിന്നുള്ള നെറോക്ക എഫ്.സിയാണ് എതിരാളികള്‍. ഇന്ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന മത്സരത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഷില്ലോങ് ലജോങുമായി ഒരുഗോള്‍ തോല്‍വിയോടെ തുടങ്ങിയ കേരളാ എഫ്.സി, ആദ്യ ഹോം മാച്ചില്‍ ചെന്നൈ സിറ്റി എഫ്.സിയുമായി സമനിലയില്‍ പിരിഞ്ഞിരുന്നു.
ഇതോടെ ഒരുപോയന്റുമായി പോയന്റ് ടേബിളില്‍ ഏഴാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കേരളം കോര്‍പറേഷന്‍സ്റ്റേഡിയത്തില്‍ വിജയത്തില്‍കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. പ്രമുഖതാരങ്ങളുടെ പരിക്ക് ടീമിന് വലിയ വെല്ലുവിളിയാകും. ചെന്നൈയ്‌ക്കെതിരെ ഗോള്‍ നേടിയ ഐവറികോസ്റ്റ് താരമായ സ്‌ട്രൈക്കര്‍ കാമോ ബായി, മിഡ്ഫീല്‍ഡര്‍ ഫ്രാന്‍സില് അംബെയ്ന്‍, നൈജീരിയന്‍ താരം ഇമ്മാനുവല്‍ എന്നിവര്‍ ഇന്ന് കളിക്കില്ലെന്ന് കേരളാ കോച്ച് ബിനു ജോര്‍ജ്ജ് പറഞ്ഞു.
പരിക്കേറ്റ വിദേശതാരങ്ങള്‍ക്ക് പകരം മലയാളി താരങ്ങള്‍ക്ക് അവസരം നല്‍കും. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഇറങ്ങാതിരുന്ന ടീം വൈസ്‌ക്യാപ്റ്റന്‍കൂടിയായ മഹാരാഷ്ട്ര സന്തോഷ് ട്രോഫി താരവും മലപ്പുറം തിരൂര്‍ സ്വദേശിയുമായ ഇര്‍ഷാദ് തൈവളപ്പില്‍ അടക്കം അഞ്ച് മലയാളികള്‍ ഇന്ന് കളിക്കുമെന്നും ബിനു ജോര്‍ജ്ജ് വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തില്‍ പയറ്റിയ 4-3-3 ശൈലി തന്നെയാകും നെരോക്ക എഫ്‌സിയ്‌ക്കെതിരെയും കേരളം സ്വീകരിക്കുക. പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കഠിനപരിശീലനം നടത്തിയാണ് ക്യാപ്റ്റന്‍ സുശാന്ത്മാത്യുവും സംഘവും ഒരുങ്ങുന്നത്.