ഷറഫുദ്ദീന്‍ ടി.കെ
കോഴിക്കോട്: ശക്തമായ മുന്നേറ്റനിരയെ അണിനിരത്തി ഐലീഗില്‍ ആദ്യജയം സ്വന്തമാക്കാനുറച്ച് ഗോകുലം കേരള എഫ്.സി ഇന്ന് രണ്ടാം ഹോം മത്സരത്തിനിറങ്ങുന്നു. വൈകീട്ട് അഞ്ചിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ അയല്‍ക്കാരായ ചെന്നൈ സിറ്റി എഫ്.സിയാണ് എതിരാളികള്‍. കരുത്തരായ മോഹന്‍ബഗാനെയും കഴിഞ്ഞതവണത്തെ രണ്ടാംസ്ഥാനക്കാരായ നെറോക്ക എഫ്.സിയേയും സമനിലയില്‍തളച്ച ആതിഥേയര്‍ക്ക് ലീഗില്‍ മുന്നേറാന്‍ ഞായറാഴ്ച വിജയം അനിവാര്യമാണ്. മുന്നേറ്റത്തിന് മൂര്‍ച്ചകൂട്ടാന്‍ ഒരു വിദേശതാരത്തെകൂടി ഗോകുലം കൂടാരത്തിലെത്തിച്ചു. ഐവറികോസ്റ്റ് സ്‌ട്രൈക്കര്‍ ആര്‍തര്‍ കൊവാസിയാണ് ഐ ലീഗില്‍ കേരളടീമിനായി ബൂട്ട്‌കെട്ടുന്നത്. കഴിഞ്ഞദിവസം ക്ലബിനൊപ്പം ചേര്‍ന്ന താരത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ചെന്നൈയുമായുള്ള മത്സരത്തില്‍ ഐവറികോസ്റ്റ് താരത്തെ ഉള്‍പ്പെടുത്തുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.
അതേസമയം, കായികപ്രേമികള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച സ്‌ട്രൈക്കര്‍ അന്റോണിയോ ജര്‍മെയ്ന്‍ ഫോമിലേക്ക് ഉയരാത്തത് ഗോകുലം ക്യാമ്പിനെ ആശങ്കയിലാഴ്ത്തുന്നു. ആദ്യ ഹോംമാച്ചില്‍ മികച്ച പ്രകടനത്തിലൂടെ കാണികളുടെ കൈയടിനേടിയ മലയാളി സ്‌ട്രൈക്കര്‍ എസ്. രാജേഷിലും മധ്യനിരതാരം അര്‍ജ്ജുന്‍ ജയരാജിലുമാണ് കേരള സംഘം പ്രതീക്ഷയര്‍പ്പിക്കുന്നത്. ടീം ഘടനയില്‍ വലിയമാറ്റങ്ങളിലെല്ലാതെയാണ് ഗോകുലം കളത്തിലിറങ്ങുകയെന്ന് കോച്ച് ബിനോ ജോര്‍ജ്ജ് പറഞ്ഞു. ചെന്നൈയ്‌ക്കെതിരെ ജയത്തോടെ വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ജയവും സമനലിലുമായി നാല് പോയന്റുള്ള ചെന്നൈ സിറ്റി എഫ്.സി നിലവില്‍ പോയന്റ് ടേബിളില്‍ രണ്ടാംസ്ഥാനത്താണ്. മൂന്ന് മലയാളിതാരങ്ങളാണ് സ്‌ക്വാര്‍ഡിലുള്ളത്. കഴിഞ്ഞ കേരള പ്രീമിയര്‍ലീഗില്‍ ഗോകുലത്തിനായി കളത്തിലിറങ്ങിയ മലപ്പുറം സ്വദേശി മഷ്‌റൂം ഷെരീഫ് ഇത്തവണ ചെന്നൈ നിരയിലാണ്. നാല് സ്പാനിഷ് താരങ്ങളാണ് അയല്‍ക്കാരുടെ സ്‌ക്വാര്‍ഡിലുള്ളത്. ഗോകുലത്തെ അവരുടെ ഗ്രൗണ്ടില്‍ പരാജയപ്പെടുത്തുക പ്രയാസകരമാണെന്ന് ചെന്നൈ എഫ്.സി. കോച്ച് അക്ബര്‍ നവാസ് പറഞ്ഞു. ഐലീഗിലെ കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒരു സമനിലയും ഒരു വിജയവുമായി ഗോകുലത്തിനായിരുന്നു മുന്‍തൂക്കം.