ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്: ഐ ലീഗില്‍ കേരളത്തില്‍ നിന്നുള്ള ഏക ടീമായ ഗോകുലം കേരള എഫ്.സിയുടെ ആദ്യ ഹോം മത്സരം ഇന്ന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍. മലയാളി താരങ്ങളുടെ കരുത്തുമായെത്തുന്ന ചെന്നൈ എഫ്.സിയുമായാണ് ഗോകുലം നാട്ടിലെ കന്നിയങ്കം കുറിക്കുന്നത്. രാത്രി എട്ടിനാണ് കിക്കോഫ്.
ഐ ലീഗില്‍ മികച്ച പ്രകടനവുമായി ആദ്യ നാലില്‍ ഇടംനേടി സൂപ്പര്‍കപ്പില്‍ പങ്കെടുക്കുകയെന്ന സ്വപ്‌നവുമായാണ് ടീം കളത്തിലിറങ്ങുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ ഷില്ലോങ് ലജോങിനെതിരെ അവരുടെ തട്ടകത്തില്‍ ഒരു ഗോളിന് തോറ്റിരുന്നെങ്കിലും കോഴിക്കോട്ടെ കാണികളുടെ പിന്തുണ കരുത്താകുമെന്ന പ്രതീക്ഷയിലാണ് ബിനോ ജോര്‍ജ് പരിശീലിപ്പിക്കുന്ന ടീം.
പരിചയ സമ്പന്നനായ സുശാന്ത് മാത്യു നയിക്കുന്ന സംഘത്തില്‍ അഞ്ച് സന്തോഷ് ട്രോഫി താരങ്ങളും നാല് വിദേശ താരങ്ങളുമുണ്ട്. ഒരു ഐ.എസ്.എല്‍ താരവുമുള്‍പ്പടെയുള്ള ചെന്നൈ എഫ്.സി ടീമില്‍ നാല് പേര്‍ മലയാളികളാണ്. ചെന്നൈയില്‍ സ്ഥിര താമസമാക്കിയ മലയാളി കുടുംബത്തിലെ മൈക്കല്‍ സൂസായ്‌രാജ് ആണ് ക്യാപ്റ്റന്‍. ആദ്യ മല്‍സരത്തില്‍ ഇന്ത്യന്‍ ആരോസിനോട് പരാജയപ്പെട്ട ടീം കോഴിക്കോട്ടും കടുത്തമത്സരമാണ് പ്രതീക്ഷിക്കുന്നത്.
ഗോകുലത്തിന്റെ ഹോം മത്സരങ്ങള്‍ക്കുള്ള സീസണ്‍ ടിക്കറ്റ് സ്‌റ്റേഡിയത്തിന് സമീപമുള്ള കെ.ഡി.എഫ്.എ ഓഫിസില്‍ ലഭിക്കും. 350രൂപയാണ് വില. ഒരു കളിക്ക് 50 രൂപ. 40,000 ആണ് സ്റ്റേഡിയം കപ്പാസിറ്റി. തിരിച്ചറിയല്‍ രേഖളുമായി വന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കളി കാണാം.