കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ റാലിക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ച് കെ.പി.എ മജീദ് എംഎല്‍എ. ഞങ്ങള്‍ ഭാഷാ സമര പോരാട്ടത്തിന്റെ ഇടനെഞ്ചിലേക്ക് വെടിയേറ്റുവാങ്ങിയവരാണെന്നും പിന്തിരിഞ്ഞ് ഓടിയിട്ടില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
നായനാരുടെ പൊലീസിന്റെ തോക്കിന് മുന്‍പില്‍ നെഞ്ചുവിരിച്ചവരുടെ പിന്‍ഗാമികളെ ഉടുക്ക് കാട്ടി പേടിപ്പിക്കാമെന്നത് പിണറായിയുടെ വ്യാമോഹം വെറുതെയാണെന്നും ആറായിരം പേര്‍ക്കെതിരെയായിരുന്നു അന്ന് കേസെടുത്തതെന്നും മജീദ് കൂട്ടിചേര്‍ത്തു.
മുസ്ലിംലീഗ് ഒരു പോര്‍മുഖത്താണെന്നും കേസെടുത്തും ഭീഷണിപ്പെടുത്തിയും ലീഗിനെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ടന്നും മജീദ് പറഞ്ഞു. കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാന്‍ അറിയാമെന്നും പിണറായിക്ക് മുട്ട് മടക്കേണ്ടി വരുമെന്നും കെ.പി.എ മജീദ് ഫേസ്ബുക്കില്‍ കുറിച്ചു.