X

‘അവരെ കൊലപ്പെടുത്തിയത് എന്റെ മതത്തെ രക്ഷിക്കാന്‍’; പരശുറാം വാഗ്മോറിന്റെ കുറ്റസമ്മത മൊഴി

ബംഗളൂരു: തന്റെ മതത്തെ രക്ഷിക്കാനാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് കേസില്‍ അറസ്റ്റിലായ പ്രതി പരശുറാം വാഗ്മോറിന്റെ കുറ്റസമ്മത മൊഴി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനിടെയാണ് വാഗ്മോറിന്റെ വെളിപ്പെടുത്തല്‍.
‘ആരെയാണ് ഞാന്‍ കൊലപ്പെടുത്തിയതെന്ന് അറിയില്ലായിരുന്നു. 2017 മെയ് മാസത്തിലാണ് എന്നെ ചിലര്‍ കൊലക്കായി നിയോഗിച്ചത്. ഹിന്ദുമതത്തെ രക്ഷിക്കാന്‍ ഒരു കൊലപാതകം നടത്തണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ഞാനത് സമ്മതിക്കുകയും ചെയ്തു. കൊലപാതകം നടത്തിയ ശേഷമാണ് ഗൗരി ലങ്കേഷ് എന്ന സ്ത്രീയാണെന്ന് മനസ്സിലായത്. അവരെ കൊല്ലരുതായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു’; പരശുറാം കുറ്റസമ്മതം നടത്തി.
സെപ്തംബര്‍ മൂന്നിന് ബംഗളൂരുവില്‍ എത്തിച്ച ശേഷം കൊലക്കുള്ള പരിശീലനം നല്‍കിയതായും പരശുറാം വ്യക്തമാക്കുന്നു. മുറിയെടുത്ത ശേഷം ബൈക്കിലെത്തിയ ഒരാള്‍ കൊല നടത്തേണ്ട വീട് കാണിച്ചു തന്നു. പിറ്റേ ദിവസം മറ്റൊരു മുറിയിലെത്തുകയും സെപ്തംബര്‍ അഞ്ചിന് ആര്‍.ആര്‍ നഗറിലെ ഗൗരി ലങ്കേഷിന്റെ വീടിനു മുന്നിലെത്തിക്കുകയുമായിരുന്നുവെന്ന് പരശുറാം പറഞ്ഞു.
‘പുറത്തു പോയി ഗൗരി ലങ്കേഷ് വീടിനു മുന്നിലെത്തിയപ്പോഴാണ് ഞങ്ങളും അവിടെയെത്തിയത്. ഗേറ്റിന് മുന്നിലെത്തിയ ഗൗരി കാറില്‍ നിന്നും ഇറങ്ങി. തുടര്‍ന്ന് തന്റെ നേരെ നടന്ന് വരികയായിരുന്ന ഗൗരിക്ക് നേരെ നാലു വട്ടം വെടിയുതിര്‍ത്തു. കൊലപാതകം നടത്തി അന്നു രാത്രി തന്നെ നഗരം വിട്ടു’ പരശുറാം പറഞ്ഞു.
പരശുറാമടക്കം മൂന്നു പേരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതെന്ന് അന്വേഷണസംഘത്തിന് ലഭിക്കുന്ന വിവരം. എന്നാല്‍ മറ്റു മൂന്നു പേരെ തനിക്കറിയില്ലെന്നാണ് പരശുറാം മൊഴി നല്‍കിയത്.

chandrika: