X

മലയാളത്തിലെ മുതിര്‍ന്ന നടന്മാരുമായി ചര്‍ച്ച ആഗ്രഹിക്കുന്നു; പാര്‍വതിക്ക് പിന്തുണയുമായി ശശി തരൂര്‍;

തിരുവനന്തപുരം: നടി പാര്‍വതിക്കു പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന് പിന്നാലെ നിരന്തരം സൈബര്‍ ആക്രമണം നേരിട്ട സാഹചര്യത്തില്‍ പാര്‍വതി പൊലീസിനെ സമീപിച്ചിരിക്കെയാണ് ട്വിറ്ററില്‍ പിന്തുണയുമായി ശശി തരൂര്‍ രംഗത്തെത്തിയത്.

താന്‍ ചിത്രം കണ്ടിട്ടില്ലെന്നും എന്നാല്‍ സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെ സംസാരിക്കാനുള്ള പാര്‍വ്വതിയുടെ സ്വാതന്ത്ര്യത്തിനു പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നുമാണ് ശശി തരൂരിന്റെ ട്വീറ്റ്.

‘ഞാന്‍ ആ സിനിമ കണ്ടിട്ടില്ല. എന്നാല്‍ മാനഭംഗ ഭീഷണിയോ വധ ഭീഷണിയോ നേരിടാതെ തന്നെ സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെ തന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള പാര്‍വ്വതിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ ശക്തമായി പിന്തുണയ്ക്കുന്നു. മലയാള സിനിമാ മേഖലയിലെ മുതിര്‍ന്ന നടന്മാര്‍ ഈ വിഷയത്തില്‍ ഒരു പൊതു ചര്‍ച്ചക്ക് തയ്യാറാകണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.’ ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

അതിനിടെ ട്വീറ്റില്‍ പാര്‍വതിയെ ടാഗ് ചെയ്ത വിഷയത്തില്‍ തരൂരിന് പിശക് സംഭവിച്ചു. പാര്‍വതിക്ക് പകരം പുതുനടി പാര്‍വതി നായറിനെ(@paro_nair)യാണ് തരൂര്‍ ടാഗ് ചെയ്തത്.

എന്നാല്‍ തെറ്റ് മനസിലാക്കിയ ഉടനെ തിരുത്തി പുതിയ കുറിപ്പുമായി തരൂര്‍ രംഗത്തെത്തി.

അതേസമയം ശശി തരൂര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദിയറിയിച്ച് പാര്‍വ്വതിയും രംഗത്തെത്തി. ഇത്തരം ശബ്ദങ്ങളും പിന്തുണകളും ആവശ്യമാണെന്ന് പാര്‍വ്വതി പറഞ്ഞു.

അതിനിടെ സൈബര്‍ ആക്രമത്തിനെതിരെ നല്‍കിയ പാര്‍വതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെയാണ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമത്തിലൂടെ നടിക്കെതിരെ പരാമര്‍ശം നടത്തിയതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടന്ന മുഖാമുഖത്തിലാണ് പാര്‍വ്വതി മമ്മൂട്ടി ചിത്രമായ ‘കസബ’ യെ പരാമര്‍ശിച്ച് വിമര്‍ശനം നടത്തിയത്. ചിത്രത്തിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ തന്നെ വേദനിപ്പിച്ചെന്നും, ഇത്തരം നായകത്വം നമുക്ക് വേണ്ടെന്നുമാണ് പാര്‍വ്വതി മുഖാമുഖത്തില്‍ പറഞ്ഞത്. ഈ പരാമര്‍ശത്തെ തുടര്‍ന്ന് പിന്നീട് സോഷ്യല്‍ മീഡിയയില്‍ പാര്‍വ്വതിക്കെതിരെ സംഘടിതമായ ആക്രമം നടക്കുകയായിരുന്നു്.

chandrika: