ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിരക്കില്‍പ്പെട്ട് യുവതി മരിച്ച കേസില്‍ ജയില്‍മോചിതനായ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് നടന്‍ അല്ലു അര്‍ജുന്‍. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറയുകയും അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ജയില്‍ മോചിതനായ അല്ലു അര്‍ജുന്‍ വീട്ടിലെത്തിയ ശേഷമായിരുന്നു മാധ്യമങ്ങളോട് സംസാരിച്ചത്.
‘ആരാധകര്‍ അടക്കം തനിക്ക് പിന്തുണയുമായി എത്തിയവര്‍ക്കെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, രാജ്യത്തെ നിയമം പാലിക്കുന്ന ഒരു പൗരനാണ് ഞാന്‍. അതുകൊണ്ടുതന്നെ കേസന്വേഷണവുമായി സഹകരിക്കും. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് വിഷമകരമായ സംഭവമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. ആ കുടുംബത്തിന്റെ ഒപ്പം എപ്പോഴുമുണ്ടാകും’ എന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു.
ഇടക്കാല ജാമ്യം ലഭിച്ച അല്ലു അര്‍ജുന്‍ ഇന്ന് രാവിലെയാണ് ജയില്‍ മോചിതനായത്. കേസില്‍ അറസ്റ്റിലായ നടനെ നമ്പള്ളി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ചഞ്ചല്‍ഗുഡ ജയിലിലേക്ക് മാറ്റിയത്. അല്ലുവിനെ സ്വീകരിക്കാന്‍ പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കെ ചന്ദ്രശേഖര്‍ റെഡ്ഡിയും ചഞ്ചല്‍ഗുഡ ജയില്‍ പരിസരത്ത് എത്തിയിരുന്നു. ജയിലിന് പുറത്ത് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലിന്റെ പിന്‍ഗേറ്റ് വഴിയാണ് അല്ലു പുറത്തിറങ്ങിയത്. ജയിലില്‍ നിന്നിറങ്ങി അല്ലു ആദ്യം എത്തിയത് സ്വന്തം ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ ഗീത ആര്‍ട്സിന്റെ ഓഫീസിലാണ്.