ന്യൂഡല്‍ഹി: വീട്ടില്‍ നായയെ വളര്‍ത്താന്‍ പദ്ധതിയുണ്ടെങ്കില്‍ നാടന്‍ നായ്ക്കളെ വളര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ ദുരന്തനിവാരണത്തിലും രക്ഷാപ്രവര്‍ത്തനങ്ങളിലും നായ്ക്കള്‍ നല്‍കുന്ന പങ്കിനെ സൂചിപ്പിച്ച് സംസാരിക്കവെയായിരുന്നു നാടന്‍ നായ് വളര്‍ത്തലിനെ പ്രൊത്സാഹിപ്പിച്ചുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍.
‘അടുത്ത തവണ ഒരു ഒരു നായയെ വളര്‍ത്തുന്ന കാര്യം ആലോചിക്കുമ്പോള്‍ വീട്ടിലേയ്ക്ക് ഇന്ത്യന്‍ ഇനത്തില്‍പ്പെട്ട ഒരു നായയെ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുക.’ പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. ദുരന്തനിവാരണത്തിലും രക്ഷാപ്രവര്‍ത്തനങ്ങളിലും നായ്ക്കള്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഇന്ത്യയില്‍ ദേശീയ ദുരന്ത നിവാരണ സേന ഇത്തരത്തില്‍ പന്ത്രണ്ടോളം നായ്ക്കളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഭൂകമ്പത്തിലോ കെട്ടിടം തകര്‍ന്നോ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ കുടുങ്ങിയവരെ കണ്ടെത്താന്‍ ഈ നായ്ക്കള്‍ വിദഗ്ധരാണ്.
നാടന്‍ പട്ടികള്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വളര്‍ത്താന്‍ കൂടുതല്‍ ഇണങ്ങിയവയാണെന്നും വളര്‍ത്താന്‍ താരതമ്യേന ചെലവ് കുറവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ബ്രീഡുകളില്‍പ്പെട്ട നായകള്‍ വളരെ മികച്ചതാണെന്നും കഴിവുള്ളവയാണെന്നും ഞാന്‍ കേട്ടിട്ടുണ്ട്. അവ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ചേര്‍ന്നവയുമാണ്. ഇപ്പോള്‍ നമ്മുടെ സുരക്ഷാസേനകള്‍ ഇന്ത്യന്‍ ഇനത്തില്‍പ്പെട്ട കൂടുതല്‍ നായ്ക്കളെ പരിശീലിപ്പിച്ച് ഡോഗ് സ്‌ക്വാഡുകളില്‍ ഉള്‍പ്പെടുത്തുന്നുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.
ആത്മനിര്‍ഭര്‍ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ മൊബൈല്‍ ആപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യന്‍ കമ്പനികള്‍ വികസിപ്പിച്ച മൊബൈല്‍ ആപ്പുകളുടെ പേരുകള്‍ എടുത്തു പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
തദ്ദേശീയ കളിപ്പാട്ട നിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിച്ച് നമ്മുടെ രാജ്യത്തെ ഒരു കളിപ്പാട്ട കേന്ദ്രമാക്കി മാറ്റുന്നതിനായി ഇന്ത്യയിലെ കളിപ്പാട്ട ക്ലസ്റ്ററുകള്‍ വികസിപ്പിക്കുന്നു. ലോകത്തെല്ലായിടത്തേക്കും കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്ന കളിപ്പാട്ട കേന്ദ്രമായി മാറാനുള്ള കഴിവും പ്രാപ്തിയും ഇന്ത്യക്കുണ്ടെന്നും അദ്ദേഹം അറിയിച്ചു. കളിപ്പാട്ട നിര്‍മ്മാണമേഖലയില്‍ ഇന്ത്യയെ വന്‍ശക്തിയാക്കുമെന്നും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ശ്രദ്ധിക്കപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു
തിങ്കളാഴ്ച തിരുവോണം ആഘോഷിക്കാനിരിക്കേ പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ഓണാശംസകളും നേര്‍ന്നു. ഓണം ഒരു അന്താരാഷ്ട്ര ഉത്സവമാറി മാറികൊണ്ടിരിക്കുകയാണ്. ഓണത്തിന്റെ ആവേശം വിദേശ രാജ്യങ്ങളുടെ വിദൂരയിടങ്ങളില്‍ വരെ എത്തിയിരിക്കുന്നു. അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി ഓണത്തിന്റെ സ്പര്‍ശം എല്ലായിടത്തും അനുഭവപ്പെടും, പ്രധാനമന്ത്രി പറഞ്ഞു. ഇത് ഉത്സവങ്ങളുടെ സമയമാണെങ്കിലും കോവിഡ് കാരണം ആളുകള്‍ക്കിടയില്‍ അച്ചടക്കബോധമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണവൈറസ് പ്രതിസന്ധി ഘട്ടത്തിലും തങ്ങളുടെ കഴിവും ഉത്സാഹവും പ്രകടിപ്പിച്ച കര്‍ഷകരെ പ്രശംസിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.