X

എനിക്ക് ഹിന്ദി അറിയില്ല; ഐ.പി.സി മാറ്റി പുതിയ പേര് പറയില്ല: ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്

ഐ.പി.സി മാറ്റി നിയമസംഹിതകളുടെ പുതിയ പേര് പറയില്ലെന്ന് മദ്രാസ് ഹൈകോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്. തനിക്ക് ഹിന്ദി അറിയില്ലെന്നും ഉച്ചാരണം കൃത്യമാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതിയില്‍ ഒരു കേസിന്റെ വാദം നടക്കുന്നതിനിടയിലാണ് ജസ്റ്റിസിന്റെ പരാമര്‍ശം. അഭിഭാഷകര്‍ ഐ.പി.സി, സി.ആര്‍.പി.സി സംബന്ധിച്ച് ചില പരാമര്‍ശങ്ങള്‍ നടക്കുന്നതിനിടയില്‍ പുതിയ ആക്ട് പരിശോധിക്കണമെന്ന അഭിപ്രായം ഉയര്‍ന്നു.

തുടര്‍ന്ന് ആക്ടിന്റെ പുതിയ പേര് പറയാമോ എന്ന് അഭിഭാഷകനോട് ചോദിച്ചു. എന്നാല്‍ അഭിഭാഷകന്‍ അത് പറയാന്‍ പ്രയാസപ്പെട്ട സാഹചര്യത്തിലാണ് താന്‍ ഇനിയും ഐ.പി.സി എന്നും സി.ആര്‍.പി.സി എന്നും പറയുമെന്നും തനിക്ക് ഹിന്ദി അറിയില്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കിയത്.

അഭിഭാഷകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പോലും പുതിയ പേരുകള്‍ പറയാന്‍ പ്രയാസമുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി.എം.കെ മന്ത്രിമാരെ വെറുതെവിട്ടതിനെതിരെ സ്വമേധയാ പുനപരിശോധന നടപടികള്‍ സ്വീകരിച്ച് ശ്രദ്ധേയനായിരുന്നു ആനന്ദ് വെങ്കിടേഷ്. ഇതുപോലെയുള്ള ജഡ്ജിമാര്‍ ഉണ്ടെന്നതില്‍ ദൈവത്തോട് നന്ദി പറയുന്നു എന്ന് ആഴ്ചകള്‍ക്ക് മുമ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ദേഹത്തെ കുറിച്ച് പറഞ്ഞിരുന്നു.

webdesk13: