X

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ഗുജറാത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്ന് തുറന്നുസമ്മതിച്ച് അമിത്ഷാ

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് തുറന്നുപറഞ്ഞ് ബി.ജെ.പി ദേശീയഅധ്യക്ഷന്‍ അമിത്ഷാ. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് പുതിയതായി രൂപം കൊണ്ട ജാതി കേന്ദ്രീകൃതമായിട്ടുള്ള കൂട്ടുകെട്ടുകളില്‍ ഗുജറാത്തില്‍ പതറി നില്‍ക്കുകയാണ് ബി.ജെ.പി. ഗുജറാത്തില്‍ നീണ്ടകാലം അധികാരത്തില്‍ തുടരുന്ന പാര്‍ട്ടിക്കെതിരെ വിരുദ്ധവികാരം സ്വാഭാവികമാണെന്ന് അമിത് ഷാ പറഞ്ഞു. വര്‍ഷങ്ങളായി ഭരണത്തിലുള്ളതിനാല്‍ ഭരണവിരുദ്ധവികാരം ഉണ്ട്. എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായ വലിയ വോട്ട് ബാങ്ക് ഗുജറാത്തില്‍ ഉണ്ട്. ജനങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയിലുള്ള വികസന ജീവിതമാണ് ജനങ്ങള്‍ക്കുള്ളത്. 24മണിക്കൂറും വൈദ്യുതിയും മികച്ച റോഡുകളും ഗുജറാത്തിലുണ്ട്. വികസനപദ്ധതികളെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാനത്ത് ജാതിരാഷ്ട്രീയം കളിക്കുകയാണ്. ഹര്‍ദിക്ക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, തുടങ്ങിയവരുടേ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങളെല്ലാം കോണ്‍ഗ്രസ് സ്‌പോണ്‍സേര്‍ഡ് സമരങ്ങളായിരുന്നു. ഇത് ജനം തിരച്ചറിഞ്ഞിട്ടുണ്ടെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. 182 സീറ്റില്‍ 150സീറ്റുനേടി ബി.ജെ.പി വന്‍വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

ഒന്‍പതിനും 14നുമാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 18ന് ഫലമറിയും. ഹര്‍ദ്ദികിന്റേയും അല്‍പേഷിന്റേയും ജിഗ്നേഷ് മേവാനിയുടേയും പിന്തുണ കോണ്‍ഗ്രസ്സിനുണ്ട്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാല് റാലികളില്‍ പങ്കെടുക്കുന്നുണ്ട്.

chandrika: