മ്യുണിച്ച്: ആദ്യം ഈ ചിത്രം നോക്കു…. ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യുണിച്ച് കളിക്കാര്‍ ഒരു പരസ്യം ഫോട്ടോക്ക് പോസ് ചെയ്യുന്നതാണ്. ടീമിന്റെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ പൗലാനര്‍ ബീറിന്റെ ബോട്ടില്‍ പ്രദര്‍ശിപ്പിച്ചാണ് എല്ലാവരും ക്യാമറയെ അഭിമുഖീകരിക്കുന്നത്. എന്നാല്‍ ഇവരില്‍ വലത്തേ അറ്റത്ത് ഇരിക്കുന്ന ഒരാള്‍ മാത്രം ബീര്‍ ബോട്ടില്‍ ഉയര്‍ത്തിയില്ല. അദ്ദേഹത്തിന്റെ കൈവശം ഒന്നുമില്ല. കൈകള്‍ താഴ്ത്തിയാണ് അദ്ദേഹം ഇരിക്കുന്നത്.
ഇസ്ലാം മത വിശ്വാസിയായ സാദിയോ മാനേ എന്ന സെനഗല്‍ നായകനാണ് ബീര്‍ ബോട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാവാതെ ഫോട്ടോക്ക് പോസ് ചെയ്തത്. മദ്യം തന്റെ വിശ്വാസത്തിന് എതിരാണെന്നും ഒരു തരത്തിലും മദ്യത്തിന്റെ മോഡലാവാന്‍ തന്നെ കിട്ടില്ല എന്നും വ്യക്തമാക്കിയാണ് മാനേയും ടീമിലെ മറ്റൊരു ഇസ്‌ലാം മത വിശ്വാസിയായ മൊറോക്കോയുടെ ഡിഫന്‍ഡര്‍ നൗസീര്‍ മസൗറിയും ബീര്‍ ബോട്ടില്‍ പ്രദര്‍ശനത്തിന് നിന്നില്ല. കരുത്തനായ വിശ്വാസിയാണ് മാനേ.
പോയ സീസണില്‍ ലിവര്‍പൂള്‍ കറബാവോ കപ്പ് സ്വന്തമാക്കിയപ്പോള്‍ ആഘോഷങ്ങളുടെ ഭാഗമായി താരങ്ങളെല്ലാം ബീര്‍ മഴ നടത്തിയിരുന്നു. എന്നാല്‍ തന്റെ അരികിലുള്ള സഹതാരം തക്കൂമി മിനാമിനോയോട് സാദിയോ മാനേ പറഞ്ഞു തന്റെ ദേഹത്ത് ബീര്‍ ഒഴിക്കരുതെന്ന്. ജാപ്പനിസ് താരം അത് അനുസരിക്കുകയും ചെയ്തു. സെനഗല്‍ സൂപ്പര്‍ സംഘത്തിലെ മെഗാ താരമായ മാനേ ലിവര്‍പൂളില്‍ നിന്ന് ഈ സീസണിലാണ് ബയേണില്‍ എത്തിയത്. കരാറില്‍ തന്റെ വിശ്വാസത്തിന് എതിരായകാര്യങ്ങളൊന്നും ചെയ്യില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയതുമാണ്.