തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിന്ന മുന്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയ്ക്ക് ബിജെപിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞു നിന്നെന്നും, വോട്ടു ചെയ്യാന്‍ പോലും കൂട്ടാക്കിയില്ലെന്നും ബിജെപി ഝാര്‍ഖണ്ഡ് ജനറല്‍ സെക്രട്ടറി ആദിത്യ സാഹു നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
താങ്കളുടെ പ്രവൃത്തി സംഘടനയ്ക്ക് കളങ്കമുണ്ടാക്കുന്നതാണ്. അതിനാല്‍ രണ്ടു ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഹസാരിബാഗിലെ എംപിയാണ് ജയന്ത് സിന്‍ഹ. പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് ബിജെപി വിട്ട മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെ മകനാണ് ജയന്ത്.
ഇത്തവണ ജയന്ത് സിന്‍ഹയ്ക്ക് ഹസാരിബാഗില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ല. പകരം മനീഷ് ജയ്‌സ്വാളിനെയാണ് ഹസാരിബാഗില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് ജയന്ത് സിന്‍ഹ ബിജെപി പ്രവര്‍ത്തനങ്ങളില്‍ നിന്നും അകലം പാലിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രസ്താവന നടത്തിയതിന് ധന്‍ബാദ് കൗണ്‍സിലര്‍ രാജ് സിന്‍ഹയ്ക്കും ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.