പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷോഭിച്ചതില്‍ വിശദീകരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വോട്ടര്‍പ്പട്ടികയില്‍ ആളെ ചേര്‍ക്കാത്തതിനാണ് ശകാരിച്ചതെന്നും വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കണമെന്നത് ബിജെപി നേതാവ് അമിത് ഷാ ഏല്‍പ്പിച്ച ഉത്തരവാദിത്തമാണെന്നും സുരേഷ് ഗോപി തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘എന്റെ അണികള്‍ ചെയ്യേണ്ട ജോലി ചെയ്തില്ല. 25 കുട്ടികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള പ്രായമെത്തിയിട്ടും അവരെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തില്ല. അത് ഏല്‍പ്പിച്ചിരിക്കുന്ന ജോലിയാണ്. അമിത് ഷാ ഏല്‍പ്പിച്ചിരിക്കുന്ന ജോലിയാണ്. അവരെ സ്‌നേഹിക്കുക മാത്രമല്ല, തലോടുക മാത്രമല്ല, താക്കീത് ചെയ്യാനും ശാസിക്കാനുമുള്ള അവകാശം എനിക്ക് ഉണ്ട്. അത് ഞാന്‍ ചെയ്തു’- സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രവര്‍ത്തകരോട് തൃശൂര്‍ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി കൂടിയായ സുരേഷ് ഗോപി ക്ഷുഭിതനായത്. ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദര്‍ശനത്തിനിടെയാണ് സുരേഷ് ഗോപി ബിജെപി പ്രര്‍ത്തകരോട് കയര്‍ത്തത്.
സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ആള് കുറഞ്ഞതും വോട്ടര്‍ പട്ടികയില്‍ പ്രവര്‍ത്തകരുടെ പേര് ചേര്‍ക്കാത്തതുമാണ് പ്രകോപനത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച് തരാനാണെങ്കില്‍ വോട്ട് ചെയ്യുന്ന പൗരന്മാര്‍ ഇവിടെയുണ്ടാകണം. നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ ഞാന്‍ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് പ്രവര്‍ത്തിച്ചുകൊള്ളാം’- സുരേഷ് ഗോപിയുടെ വാക്കുകള്‍
ശാസ്താംപൂവ്വം കോളനിയില്‍ എത്തിയപ്പോള്‍ അവിടെ ആളുകുറവായിരുന്നു എന്നതും 25 ഓളം പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനായില്ല എന്നി കാരണങ്ങളാണ് സുരേഷ് ഗോപിയെ പ്രകോപിതനാക്കിയത്. ഇവിടെ ബൂത്ത് ഏജന്റുമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും എന്താണ് ജോലിയെന്നും സുരേഷ് ഗോപി ചോദിച്ചു.