ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ലെന്നും ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം അതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ജനവിധിയുടെ പശ്ചാത്തലത്തില്‍ തന്റെ ശൈലി മാറ്റില്ല, രാജി വയ്ക്കുകയുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു പിണറായി.
ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കേരളാ കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയും പറഞ്ഞ സാഹചര്യത്തിലും പിണറായി ഈ വാദം തള്ളിക്കളയുകയാണ്.
ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ശൈലീമാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് എന്റെ ശൈലി അത് തന്നെയായിരിക്കും, അതിലൊരു മാറ്റവുമുണ്ടാകില്ല എന്നാണ് മറുപടി നല്‍കിയത്.
ശബരിമലയില്‍ പ്രശ്‌നമുണ്ടാകുമെന്നും നിരോധനാജ്ഞ വേണമെന്നും പറഞ്ഞത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണെന്നതിന് തെളിവ് കാണിച്ചതാണ്. രാജ്യത്തെ നിയമം അനുസരിക്കുക എന്നത് ഏത് സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സംഭവിച്ചത് തിരിച്ചടിയാണ്. പക്ഷേ ഇത് സ്ഥായിയായ ഒന്നായി പാര്‍ട്ടി കണക്കാക്കുന്നില്ല. ബിജെപിക്ക് ബദലായി കോണ്‍ഗ്രസ് വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ആ വോട്ട് നേരിട്ട് കോണ്‍ഗ്രസിന് കൊടുക്കുന്നതാണ് നല്ലതെന്ന് ജനങ്ങള്‍ കരുതിയിരിക്കണം പിണറായി പറഞ്ഞു