X

മെസിയുടെ പിതാവ് മാഞ്ചസ്റ്ററില്‍; നമ്പര്‍ 10 പിന്‍വലിച്ച് സിറ്റി താരം അഗ്യൂറോ

മാഞ്ചസ്റ്റര്‍: പതിമൂന്നാം വയസില്‍ ബാഴ്‌സലോണയിലെത്തിയ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാറിലേര്‍പ്പെട്ടതായി ഉറപ്പിക്കുന്ന സൂചനകള്‍ പുറത്ത്. ബാഴ്സലോണ മാനേജ്മെന്റിന് ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് നല്‍കിയ സൂപ്പര്‍ താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേര്‍ന്നതായുള്ള സൂചനകള്‍ ശക്തമാകുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. താരത്തിന്റെ അഭ്യര്‍ത്ഥന സംബന്ധിച്ച് ബാഴ്സലോണ ഉന്നതര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും മെസ്സിയുടെ പിതാവ് മാഞ്ചസ്റ്ററില്‍ എത്തിയെന്നും സിറ്റി മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയെന്നുമുള്ള റിപ്പോര്‍്ട്ടുകള്‍ സ്പാനിഷ്, ഇംഗ്ലീഷ് മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. മെസ്സിയുടെ പിതാവ് ഹോര്‍ഹെ മെസ്സി മാഞ്ചസ്റ്ററിലുണ്ടെന്ന് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഡെയ്ലി മെയ്ല്‍ പറയുന്നു. രണ്ടുവര്‍ഷ കരാര്‍ സംബന്ധിച്ചാണ് ഇരുകക്ഷികളും തമ്മില്‍ ചര്‍ച്ച ചെയ്യുന്നതെന്നും അര്‍ജന്റീനാ താരത്തിനായി റെക്കോര്‍ഡ് തുക മുടക്കാന്‍ അറബ് ഉടമസ്ഥതയിലുള്ള ക്ലബ്ബ് ഒരുക്കമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

അതേസമയം, ഒരു ലോകോത്തര താരവുമായി കരാര്‍ ഒപ്പുവെച്ചതായി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ മാഞ്ചസ്റ്റര്‍ സിറ്റി കുറിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഞങ്ങളുടെ പുതിയ ഒപ്പുവക്കല്‍ ഈ ലോകത്തിന് പുറത്തുള്ള ഒരാളുമായാണ് എന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇ സ്പോര്‍ട്സിന്റെ ട്വീറ്റാണ് സിറ്റിയുടെ പേജ് പങ്കുവെച്ചത്. പിന്നാലെ, ഫുട്‌ബോള്‍ ലോകത്ത് മെസിയെ അറിയപ്പെടുന്ന ഗോട്ട് സ്‌മൈലിയും, ഇതെന്തൊരു കരാര്‍ എന്നും ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇതിന് പിന്നാലെ, സിറ്റിയുടെ സൂപ്പര്‍ താരവും അര്‍ജന്റീനയിലെ മെസിയുടെ സ്‌ട്രൈക്കിംഗ് പാര്‍ട്ണറുമായ സെര്‍ജിയോ അഗ്യൂറോ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലെ പ്രൗഫൈല്‍ നെയിമില്‍ നിന്നും നമ്പര്‍ പത്ത് എടുത്തുമാറ്റുകയും ഉണ്ടായി. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ജേഴ്‌സി നമ്പര്‍ പത്തില്‍ കളിക്കുന്ന താരമാണ് അഗ്യൂറോ. ഇത് മെസിയുടെ വരവിനെയാണ് സൂചിപ്പിക്കുന്നതെന്ന് ഫുട്‌ബോള്‍ ആരാധകര്‍ വ്യക്തമാക്കുന്നു.

ചാമ്പ്യന്‍സ് ലീഗിലെ ദയനീയ തോല്‍വിവരെ മെസി ബാഴ്സ വിടുമെന്നത് ചിന്തിക്കാന്‍പോലും സാധിക്കാത്ത കാര്യമായിരുന്നു. പക്ഷേ, ഇന്നത് യാഥാര്‍ഥ്യമായിരിക്കുകയാണ്. തന്നെ ക്ലബ്ബ് വിടാന്‍, അതും കരാറിലെ ക്ലോസ് പ്രകാരം ഫ്രീ ട്രാന്‍സ്ഫറില്‍ പോകുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെസി ബാഴ്‌സ മാനേജ്‌മെന്റിന് കത്തയച്ചിട്ടുണ്ട്. ഇതോടെ ലോകോത്തര താരത്തെ സ്വന്തമാക്കുവാന്‍ യൂറോപ്പിലെ എലൈറ്റ് ക്ലബ്ബുകള്‍ കച്ച കെട്ടി രംഗത്തെത്തുകയുമുണ്ടായി. എന്നാല്‍ മെസി എവിടേക്ക് പോകും എന്നത് വലിയൊരു ചോദ്യമായിരുന്നു. ബാഴ്സലോണയുമായുള്ള കരാര്‍ ഏകപക്ഷീയമായി അവസാനിപ്പിച്ച് ഫ്രീ ഏജന്റ് ആകാനുള്ള വ്യവസ്ഥ ഉപയോഗപ്പെടുത്താനാണ് മെസ്സി ശ്രമിക്കുന്നത്. അങ്ങനെ വന്നാല്‍ ട്രാന്‍സ്ഫര്‍ തുക നല്‍കാതെ തന്നെ മെസ്സിക്ക് സിറ്റിയില്‍ ചേരാനാകും.

പരിശീലകന്‍ പെപ് ഗോര്‍ഡിയോളയുമായി അടുത്ത ബന്ധം മെസിയെ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിക്കും എന്ന് തന്നെയാണ് ഫുട്‌ബോള്‍ ലോകം ശക്തമായി വിശ്വസിക്കുന്നത്. മെസി ലോകതാരമാകുന്നത് പെപ് ഗോര്‍ഡിയോളയുടെ കീഴില്‍ കളിച്ചപ്പോഴായിരുന്നു. കൂടുതല്‍ ട്രോഫികള്‍ ഇവര്‍ ഒരുമിച്ചപ്പോഴായിരുന്നു ബാഴ്‌സ സ്വന്തമാക്കിയത്. പരസ്പര ബഹുമാനത്തോടെ പെരുമാറുന്നവരാണിവര്‍.

മെസിക്ക് ബാഴ്‌സ വിടണമെങ്കില്‍ 700 ദശലക്ഷം പൗണ്ടിന്റെ റിലീസ് ക്ലോസ് പാലിക്കണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, 2017ലെ കരാറില്‍ എപ്പോള്‍ വേണമെങ്കില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് വിടാനുള്ള ക്ലോസുണ്ട്. എന്നാല്‍, ഈ വ്യവസ്ഥ നടപ്പാകണമെങ്കില്‍ ജൂണ്‍ മാസത്തിനു മുമ്പുതന്നെ മെസ്സി അറിയിക്കണമെന്ന സാങ്കേതികവാദം ബാഴ്സ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍, 630 ദശലക്ഷം പൗണ്ട് (6100 കോടി രൂപ) എന്ന റിലീസ് ക്ലോസ് നല്‍കി സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ സിറ്റി ഒരുക്കമാണെന്നും ഡെയ്ലി മെയ്ല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിലീസ് ക്ലോസ് നല്‍കാതെ എത്തുകയാണെങ്കില്‍ മെസ്സിക്ക് 94 ദശലക്ഷം പൗണ്ട് (920 കോടി) എന്ന ഭീമന്‍ തുകയാവും പ്രതിവര്‍ഷ വേതനമായി സിറ്റി നല്‍കുക. ഒരു ഫുട്ബോള്‍ താരം വാങ്ങുന്ന ഏറ്റവും വലിയ വേതനമാവും ഇത്. സിറ്റി കുപ്പായത്തില്‍ കൂടുതല്‍ കിരീടങ്ങള്‍ നേടുകയാണെങ്കില്‍ പ്രതിഫലത്തുക ഇനിയും കൂടുമെന്നും ഡെയ്ലി മെയ്ല്‍ പറയുന്നു. മാഞ്ചസ്റ്റര്‍ സിറ്റി വളരെ കാലമായി ആഗ്രഹിക്കുന്ന ഒന്നാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ്. പെപ്-മെസി സഖ്യത്തിന് ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്ന് സിറ്റിയുടെ ഉടമകള്‍ വിശ്വസിക്കുന്നു.

 

 

chandrika: