X

‘ഇവരെയോര്‍ത്ത് അഭിമാനമുണ്ട്; അജയ് റായിയേയും കിഷോരിലാല്‍ ശര്‍മ്മയേയും പുകഴ്ത്തി കെ.സി വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

യു.പിയിലെ കോണ്‍ഗ്രസ് നേതാക്കളായ അജയ് റായിയേയും കിഷോരിലാല്‍ ശര്‍മ്മയേയും പുകഴ്ത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അമേഠി തിരിച്ചുപിടിച്ച് ഏവരെയും ഞെട്ടിച്ച പ്രകടനമാണ് കിഷോരിലാല്‍ ശര്‍മ്മ കാഴ്ചവെച്ചതെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോരാടി അദ്ദേഹത്തിന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തോളം കുറച്ചാണ് അജയ് റായ് ശ്രദ്ധ നേടിയത്.

ഇവരെയോര്‍ത്ത് അഭിമാനമുണ്ടെന്നും കോണ്‍ഗ്രസിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് തലയുയര്‍ത്തി നടത്തിയ പ്രിയപ്പെട്ടവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ നേര്‍ന്നുമാണ് കെ.സി വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

”ഈ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് യുപി . രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കടന്നുപോയ ഈ മണ്ണ് മാറി ചിന്തിക്കാനും ജനാധിപത്യത്തിലേക്ക് മടങ്ങി വരാനും തുടങ്ങിയെന്നതിന് തെളിവാണ് വാരണാസിയിലെ മോദിയുടെ നിറം മങ്ങിയ വിജയവും അമേഠിയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനോട് ഒരിക്കല്‍ കൂടി വിശ്വാസ്യത പുലര്‍ത്തി തിരികെ വന്നതും .ബിജെപിയുടെ വ്യക്തിഹത്യയ്ക്കും അധിക്ഷേപ രാഷ്ട്രീയത്തിനും എതിരായി യുപി വിധിയെഴുതുകയായിരുന്നു. അതിന് മികച്ച ഉദാഹരണങ്ങളാണ് അമേഠിയും വാരണാസിയും .

അമേഠിക്ക് രാഹുല്‍ ഗാന്ധിയോടും കോണ്‍ഗ്രസ് പ്രസ്ഥാനത്തോടുമുള്ള സ്‌നേഹം എത്ര വലുതാണെന്ന് സ്മൃതി ഇറാനിക്കും ബിജെപിക്കും മനസ്സിലാക്കി കൊടുക്കാന്‍ അവര്‍ ‘പ്യൂണ്‍ ‘എന്ന് അധിക്ഷേപിച്ച കിഷോരിലാല്‍ ശര്‍മ്മ തന്നെ ധാരാളമായിരുന്നു. നരേന്ദ്ര മോദി വളരെ പ്രയാസപ്പെട്ട് വാരണാസിയില്‍ നേടിയ ഭൂരിപക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനിയെ കിഷോരിലാല്‍ ശര്‍മ്മ അമേഠിയില്‍ പരാജയപ്പെടുത്തിയത്.

അമേഠി തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച കിഷോരിലാല്‍ ശര്‍മ്മയും യുപി പിസിസി അധ്യക്ഷനും വാരാണസിയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിയുമായിരുന്ന അജയ് റായും ഉള്‍പ്പെടെയുള്ള യുപിയില്‍ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരും നേതാക്കളും കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയിരുന്നു.

ഈ തെരഞ്ഞെടുപ്പില്‍ കണക്കുകളില്‍ തോറ്റിട്ടും ജനമനസ്സുകളില്‍ ജയിച്ച നേതാവാണ് നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിച്ച അജയ് റായ് .

ഭൂരിപക്ഷം കൂട്ടാന്‍ വീണ്ടും വാരണാസിയിലെത്തിയ മോദിയുടെ ഭൂരിപക്ഷം 1.52 ലക്ഷത്തിലേക്ക് തള്ളിയിട്ട കോണ്‍ഗ്രസിന്റെ അഭിമാനം. കഴിഞ്ഞ തവണത്തെ 4.79 ലക്ഷം ഭൂരിപക്ഷത്തില്‍ നിന്നാണ് മോദിക്ക് മൂന്ന് ലക്ഷത്തോളം വോട്ടിന്റെ കുറവുണ്ടായത്.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കിയ പോരാട്ടത്തിന് ചുക്കാന്‍ പിടിച്ച വ്യക്തിത്വം. പ്രധാനമന്ത്രിമാരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഭൂരിപക്ഷത്തിലേക്ക് മോദിയെ തള്ളിയിട്ട അജയ് റായ് ഒരു പരിച്ഛേദം കൂടിയാണ്. ഈ രാജ്യം എന്താണ് ചിന്തിക്കുന്നത് എന്നതിന്റെ പരിച്ഛേദം.

അഭിമാനമുണ്ട് ഇവരെയോര്‍ത്ത്. കോണ്‍ഗ്രസിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് തലയുയര്‍ത്തി നടത്തിയ പ്രിയപ്പെട്ടവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍”

webdesk14: