X

‘ബി.ജെ.പി ഏജന്റോ?’; കര്‍ണ്ണാടകയില്‍ മത്സരിക്കുന്നതിലെ നിലപാട് വ്യക്തമാക്കി നൗഹറ ഷൈഖ്

Nowehra Shaik at MEP launch on Sunday November 12, 2017 in New Delhi.

ബാംഗളൂരു: കര്‍ണ്ണാടകയില്‍ മത്സരിക്കുന്നതിനെക്കുറിച്ച് മഹിള എംപവര്‍മെന്റ് പാര്‍ട്ടി സ്ഥാപക നേതാവ് ഡോ നൗഹറ ഷൈഖ്. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് മത്സരിക്കുന്നതെന്ന പ്രചാരണം കോണ്‍ഗ്രസ് നേതാക്കളുടെ സൃഷ്ടിയാണെന്ന് നൗഹറ പറഞ്ഞു.

താന്‍ ബി.ജെ.പിക്കുവേണ്ടിയാണ് രംഗത്തിറങ്ങിയിരിക്കുന്നത് എന്ന പ്രചാരണത്തിനു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണ്. അല്ലാതെ സാധാരണ ജനങ്ങളല്ല. അവര്‍ക്കുവേണ്ടത് തന്നെ ബി.ജെ.പിക്കാരിയാക്കുകയാണെന്ന് നൗഹറ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഞാന്‍ ബി.ജെ.പിയുടേയോ കോണ്‍ഗ്രസ്സിന്റേയോ ഏജന്റല്ല. ഒരു പാര്‍ട്ടിയുമായും യാതൊരു തരത്തിലുമുള്ള ബന്ധമില്ലെന്നും ഇത്തരത്തിലുള്ള സംസാരങ്ങളെക്കുറിച്ച് ബോധവതിയല്ലെന്നും നൗഹറ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്ക് മികച്ച രീതിയിലുള്ള പിന്തുണയാണ് ആളുകളില്‍ നിന്നും ലഭിക്കുന്നത്. 224മണ്ഡലങ്ങളിലും എം.ഇ.പി മത്സരിക്കുന്നുണ്ട്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധമുള്ളവരാണ് സ്ഥാനാര്‍ത്ഥികള്‍. 150സീറ്റുകളില്‍ വിജയിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ കര്‍ണ്ണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ സാധിക്കുമെന്നും നൗഹറ പറഞ്ഞു.

ഇവിടെ കോണ്‍ഗ്രസ്, ബി.ജെ.പി എന്നീ രണ്ട് ഒപ്ഷനുകള്‍ മാത്രമേ ബി.ജെ.പിക്കുള്ളൂ. അടിമത്വത്തിലേക്ക് നടന്നുപോകുകയാണ് സംസ്ഥാനം. മാറ്റം കൊണ്ടുവരാനും ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാനും വേണ്ടിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. പതിനായിരത്തിന് മുകളില്‍ സ്ത്രീകള്‍ക്ക് സഹായമെത്തിക്കാന്‍ തന്റെ സാമൂഹ്യപ്രവര്‍ത്തനം കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്നും ഇതാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രചോദനമായതെന്നും നൗഹറ വ്യക്തമാക്കി.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങളാണ് എം.ഇ.പി മത്സരിക്കുന്നതിന് പിന്നില്‍. പരമ്പരാഗതമായി കോണ്‍ഗ്രസിന് ലഭിച്ച് വരുന്ന മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ഇതുവഴി ബി.ജെ.പിയുടെ നീക്കം. ഇതിനായി ഓള്‍ ഇന്ത്യ മഹിളാ എംപവര്‍മെന്റ് പാര്‍ട്ടിയുമായി (എം.ഇ.പി) ധാരണയുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കര്‍ണാടകയില്‍ മത്സരിച്ചിട്ടില്ലാത്ത എം.ഇ.പി ഇത്തവണ തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തുണ്ട്.

മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ത്ഥിക്കും പാര്‍ട്ടി ദേശീയ നേതൃത്വം 50 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ശക്തമായ രീതിയില്‍ തന്നെയാണ് എം.ഇ.പിയുടെ പ്രചാരണം നടക്കുന്നത്. പ്രമുഖ കന്നഡ പത്രങ്ങളിലടക്കം സ്ഥാനാര്‍ത്ഥിയെ വിജയിക്കണമെന്നാവശ്യപ്പെട്ട് എം.ഇ.പി പരസ്യം നല്‍കുന്നുണ്ട്. മാധ്യമങ്ങളില്‍ പരസ്യം നല്‍കാന്‍ മാത്രം 1000 കോടി രൂപ നീക്കിവച്ചതായാണ് റിപ്പോര്‍ട്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ബി.എസ് യെദ്യൂരപ്പ നേരിട്ടാണ് എം.ഇ.പിക്കുള്ള മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതെന്നാണ് വിവരം.

chandrika: