ചെന്നൈ: സനാതന ധര്‍മ വിവാദത്തില്‍ മാപ്പു പറയില്ലെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. താന്‍ കലൈജ്ഞറുടെ പേരക്കുട്ടിയാണെന്നും മാപ്പു പറയില്ലെന്നും ഉദയനിധി പറഞ്ഞു. സനാതന ധര്‍മത്തെ ഡെങ്കുവിനോടും മലേറിയയോടും ഉപമിച്ച് 2023 സെപ്റ്റംബറില്‍ നടത്തിയ പരാമര്‍ശത്തിലാണ് ഉദയനിധിയുടെ പ്രതികരണം.
തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നെന്നും ദ്രാവിഡ നേതാവായ പെരിയാറിന്റെയും മുൻ മുഖ്യമന്ത്രിമാരായ സി.എൻ.അണ്ണാദുരൈയുടെയും എം.കരുണാനിധിയുടെയും കാഴ്ചപ്പാടുകളാണ് താൻ ആവർത്തിച്ചതെന്നും തിങ്കളാഴ്ച നടന്ന പൊതുപരിപാടിയിൽ ഉദയനിധി പറഞ്ഞു. ‘‘സ്ത്രീകളെ അടിച്ചമർത്തുന്നതിനെയും അവർക്ക് പഠിക്കാനും വീടിനു പുറത്തിറങ്ങാനും അനുമതിയില്ലാതിരുന്നതിനെയും ഭർത്താവ് മരിച്ചാൽ ചിതയിൽ ഒപ്പം ചാടേണ്ടിയിരുന്നതിനെയും കുറിച്ചാണ് പറഞ്ഞത്.
പെരിയാറും ഇതിനെയെല്ലാം എതിർത്തിരുന്നു. പെരിയാറും അണ്ണായും കലൈജ്ഞറും പറഞ്ഞതാണ് ഞാൻ ആവർത്തിച്ചത്. എന്നാൽ എന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു. തമിഴ്നാട്ടിൽ മാത്രമല്ല, ഇന്ത്യയിലെ വിവിധ കോടതികളിൽ എനിക്കെതിരെ കേസുണ്ട്. ഞാൻ മാപ്പു പറയണമെന്നാണ് അവർ പറയുന്നത്. എന്നാൽ ഞാൻ എന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു. കലൈജ്ഞറുടെ പേരക്കുട്ടിയാണ് ഞാൻ. മാപ്പു പറയില്ല’’ – ഉദയനിധി പറഞ്ഞു.