X
    Categories: CultureMoreNewsViews

പോരാട്ടം തുടങ്ങുകയാണെന്ന് കെ.എം ഷാജി

ന്യൂഡല്‍ഹി: സാധാരണ തെരഞ്ഞെടുപ്പ് കേസുകളെ സമീപിക്കാറുള്ള രീതിയലല്ലാതെ രാഷ്ട്രീയ താല്‍പര്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ തന്റെ കേസിനെ സമീപിച്ചതെന്ന് കെഎം ഷാജി. എംഎല്‍എയെ അയോഗ്യനാക്കാനുള്ള അവകാശം കോടതിക്കില്ല.
ഇത് കോടതിയില്‍ ചൂണ്ടിക്കാണിച്ചെന്നും കെഎം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. അയോഗ്യത കല്‍പ്പിച്ച ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സ്‌റ്റേ അനുവദിച്ച സുപ്രീംകോടതി നടപടിയില്‍ പ്രതികരിക്കുകയായിരുന്നു കെഎം ഷാജി. സ്പീക്കര്‍ നിയമസഭയില്‍ കയറ്റില്ലെന്ന് പറയുകയും, നിയമസഭാ സെക്രട്ടറി തിരക്കുപിടിച്ച് തന്നെ അയോഗ്യനാക്കി പ്രഖ്യാപിക്കുകയും ചെയ്തു. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തി ല്‍ നാളെ നിയമസഭയില്‍ പോയാല്‍ സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കുമോ എന്നും കെഎം ഷാജി ചോദിച്ചു. എംഎല്‍എ അല്ലെന്ന് സെക്രട്ടറി പ്രഖ്യാപിച്ചതോടെ ഇനി സത്യപ്രതിജ്ഞ ചെയ്യാതെ നിയമസഭയില്‍ പ്രവേശിക്കാന്‍ കഴിയുമോ എന്നും ഷാജി വിമര്‍ശനമുന്നയിച്ചു.
കേസ് അവസാനിച്ചെന്നാണ് നികേഷ് കുമാര്‍ കരുതുന്നതെങ്കില്‍ കേസ് തങ്ങള്‍ തുടങ്ങുകയാണെന്നും കെഎം ഷാജി പറഞ്ഞു. ഒരു നോട്ടീസിന്റെ ബലത്തിലാണ് കേസ് വന്നിരിക്കുന്നത്. ആ നോട്ടീസ് ഇറക്കിയത് താനല്ലെന്ന് ഉറപ്പുണ്ടെന്നും ഷാജി പറഞ്ഞു. സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുന്ന നോട്ടീസിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് സമൂഹം അറിയണം. അത് താനാണെന്ന് തെളിയുകയാണെങ്കില്‍ തന്നെ അയോഗ്യനാക്കട്ടെയെന്നും കെഎം ഷാജി പറഞ്ഞു. സ്‌റ്റേയുടെ ബലത്തില്‍ എംഎല്‍എ ആയി തുടരാന്‍ താല്‍പര്യമില്ല. കേസിന്റെ വിചാരണ നടക്കട്ടെയെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. നോട്ടീസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും പുറത്തുകൊണ്ടുവരാന്‍ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംഎല്‍എയെ അയോഗ്യനാക്കുന്ന കേസ് പരിഗണിക്കാന്‍ ഹൈക്കോടതികളെ പോലും നിയമം അനുവദിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ അയോഗ്യനാക്കി പ്രഖ്യാപിക്കാന്‍ നിയമസഭാ സെക്രട്ടറിക്ക് കൊമ്പുണ്ടോ എന്നും കെഎം ഷാജി ചോദിച്ചു. കേസില്‍ അനാവശ്യ രാഷ്ട്രീയക്കളി നടന്നിട്ടുണ്ട്. അതടക്കം പുറത്തുകൊണ്ടുവരുമെന്നും ഷാജി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: