X

അഴിമതി ആരോപണങ്ങള്‍; മോദിയെ വെല്ലുവിളിച്ച് വീണ്ടും സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പൊളിച്ചടുക്കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അഴിമതിയെക്കുറിച്ച് മോദി വാചാലനായതുകണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും ഇനി പറഞ്ഞ കാര്യങ്ങളെല്ലാം ഒന്നു നടപ്പാക്കി കാണിച്ചാല്‍ കൊള്ളാമെന്നുമായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.
പ്രധാനമന്ത്രി മറുപടി പറയേണ്ട വിഷയങ്ങള്‍ ഞാന്‍ തന്നെ പറയാം. ആദ്യം നമുക്ക് ലോക്പാലില്‍ തുടങ്ങാം എന്ന് പറഞ്ഞുകൊണ്ടായിരുന്നു വിഷയങ്ങള്‍ അക്കമിട്ട് നിരത്തി സിദ്ധരാമയ്യ ട്വീറ്റ് ചെയ്തത്.

ട്വീറ്റ് ഇങ്ങനെ:

പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതിയെ കുറിച്ച് പറയുമ്പോള്‍ താന്‍ സന്തോഷവാനാണ്.
ഞാന്‍ അദ്ദേഹത്തെ സംവാദത്തിന് ക്ഷണിക്കുകയാണ്. ഒരു തുടക്കത്തിന് വേണ്ടി ചില കാര്യങ്ങള്‍: 1. ലോക്പാല്‍ നടപ്പിലാക്കുന്നതിനെ കുറിച്ച്, 2. ജഡ്ജ് ലോയയുടെ മരണം അന്വേഷിക്കുന്നതിനെ കുറിച്ച്, 3. അമിത് ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനിയുടെ ലാഭം കുത്തനെ ഉയര്‍ന്നതിനെ കുറിച്ച്, 4. കളങ്കമില്ലാത്ത ഒരു വ്യക്തിയെ നിങ്ങളുടെ മുഖ്യമന്ത്രിയായി നിയമിക്കുന്നതിനെ കുറിച്ച്-എന്നിങ്ങനെയായിരുന്നു സിദ്ധരാമയ്യയുടെ ട്വീറ്റ്.

കര്‍ണാടക സര്‍ക്കാരിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ തെളിയിക്കാന്‍ മോദിയെ കഴിഞ്ഞദിവസം സിദ്ധരാമയ്യ വെല്ലുവിളിച്ചിരുന്നു. പ്രധാനമന്ത്രി പദത്തിലിരുന്ന് മോദി കള്ളം പ്രചരിപ്പിക്കുകയാണെന്നും പരമോന്നത പദവിയുടെ അന്തസ് മോദി കളഞ്ഞുകുളിച്ചെന്നും അദ്ദേഹം തിരിച്ചടി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മോദിയുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടി സിദ്ധരാമയ്യ വീണ്ടും രംഗത്തെത്തിയത്.

chandrika: